1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2017

സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണ പരമ്പരയില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് ബംഗ്ലാദേശില്‍ കൂടാരങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. റോഹിങ്ക്യന്‍ പ്രശ്‌നം നയതന്ത്രതലത്തില്‍ പരിഹാരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നം ലോക നേതാക്കളുമായും ചര്‍ച്ച ചെയ്യും. ബംഗ്ലാദേശില്‍ ഇപ്പോഴുള്ള ക്യാമ്പുകള്‍ അവര്‍ക്ക് ജീവിക്കാന്‍ സഹായകമല്ല. കൂടുതല്‍ വാസയോഗ്യമായ ടെന്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 30 ലക്ഷം സിറിയന്‍ അഭയാര്‍ഥികളുടെ ടെന്റുകള്‍ക്ക് സമാനമായ സൗകര്യങ്ങള്‍ ഉള്ളതായിരിക്കും ഇവ. ബംഗ്ലാദേശ് സര്‍ക്കാര്‍ അതിന് സ്ഥലം ഒരുക്കിയാല്‍ മാത്രം മതിയെനും ഉര്‍ദുഗാന്‍ പറഞ്ഞു.

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ദുല്‍കിഫ്‌ലി അബൂബക്കര്‍ വ്യക്തമാക്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ അഭയാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം വരുന്നതിനാല്‍ അടുത്ത മാസങ്ങളില്‍ യാത്ര ഏറെ ദുഷ്‌കരമായി മാറും. അത്യാവശ്യ സൗകര്യങ്ങള്‍ ചെയ്തു നല്‍കിയ ശേഷം അഭയാര്‍ഥികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിടാനാണ് ഉദ്ദേശിക്കുന്നത്.

എന്നാല്‍, മാനുഷിക പരിഗണ വെച്ച് അതിനു സാധിക്കില്ല. 10 ലക്ഷം അഭയാര്‍ഥികള്‍ക്ക് ഇതുവരെ മലേഷ്യയില്‍ അഭയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഹിങ്ക്യകള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കാന്‍ തുര്‍ക്കിയിലെ സന്നദ്ധ സംഘടനക്ക് മ്യാന്മര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. തുര്‍ക്കിഷ് റെഡ്ക്രസന്റ് ബംഗ്ലാദേശിലെ റോഹിങ്ക്യകള്‍ക്ക് 25 ലക്ഷം ഡോളറിന്റെ സഹായം നല്‍കിയിരുന്നു. തുര്‍ക്കി പ്രഥമ വനിത അമീന ഉര്‍ദുഗാന്‍ ബംഗ്ലാദേശില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.