1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2017

സ്വന്തം ലേഖകന്‍: വിക്കിപീഡിയക്ക് പൂട്ടിട്ട് തുര്‍ക്കി, നടപടി പ്രസിഡന്റ് എര്‍ദോഗാന്റെ വിക്കി പേജിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒതുക്കാനെന്ന് ആരോപണം. വിക്കിപീഡിയക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമത്തില്‍ സാങ്കേതിക വിശകലനവും നിയമ പരിഗണനയും നടത്തിയ ശേഷമാണ് വിക്കിയുടെ കാര്യത്തില്‍ ഭരണകൂടം തീരുമാനം എടുത്തതെന്ന ന്യായമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി അധികൃര്‍ നല്‍കിയത്.

താല്‍ക്കാലിക ഉത്തരവ് കോടതി ഉത്തരവിലൂടെ നടപ്പില്‍ വരുത്തുമെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ജനങ്ങളുടെ പ്രതിഷേധം വര്‍ധിച്ചിരിക്കുകയാണ്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെക്കുറിച്ചുള്ള വിക്കിപീഡിയ പേജിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്നാണ് പ്രധാന ആരോപണം. പ്രസിഡന്റിന്റെ അധികാരം വ്യാപിപ്പിക്കാന്‍ ഈ മാസം 16ന് നടത്തിയ ഹിതപരിശോധനയില്‍ ഉര്‍ദുഗാന്‍ വിജയിച്ചിരുന്നു.

ഹിതപരിശോധനയെക്കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ വിവാദങ്ങളും തെരഞ്ഞെടുപ്പ് നടപടികളിലെ തെറ്റുകളും വിവരിക്കുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തേ രാജ്യത്ത് പലതവണ ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് വിലക് ഏര്‍പ്പെടുത്തിയിരുന്നു. നിരവധി സര്‍ക്കാര്‍ വിരുദ്ധ വെബ്‌സൈറ്റുകളും രാജ്യത്ത് ലഭ്യമല്ല. നേരത്തെ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് ലഭിച്ച അപേക്ഷകളില്‍ പകുതിയും തുര്‍ക്കി അധികൃതരില്‍ നിന്നായിരുന്നു. ഇതാകട്ടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന എര്‍ദോഗാന്റെ നയമാണെന്ന വിമര്‍ശനം ശക്തമാകാനും കാരണമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.