1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തിന് നേതൃത്വം നല്‍കിയ മുന്‍ വ്യോമസേന കമാന്‍ഡര്‍ അറസ്റ്റില്‍, കൂറ്റ അറസ്റ്റുകള്‍ തുടരുന്നു, പിടിയിലായത് 9,000 സൈനികര്‍. കഴിഞ്ഞ വര്‍ഷം കമാന്‍ഡര്‍ പദവിയിലിരിക്കെ വിരമിച്ച ജനറല്‍ അകിന്‍ ഉസ്തുര്‍ക്കാണ് പിടിയിലായത. ഇദ്ദേഹമടക്കം ആറ് മുന്‍ സൈനിക കമാന്‍ഡര്‍മാര്‍ ശനിയാഴ്ചതന്നെ അറസ്റ്റിലായി. നിലവില്‍ തുര്‍ക്കിയുടെ സുപ്രീം മിലിറ്ററി കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുകയാണ് 64 കാരനായ ഉസ്തുര്‍ക്.

ഇസ്രായേല്‍ നഗരമായ തെല്‍ അവീവിലെ തുര്‍ക്കി എംബസിയില്‍ 1998 മുതല്‍ 2000 വരെ പ്രവര്‍ത്തിച്ചിട്ടുള്ള ഉസ്തുര്‍ക് സൈന്യത്തിന്റെ വിവിധ ഘടകങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക മെഡല്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തെ ഒരിക്കല്‍ നാറ്റോയും ആദരിച്ചിട്ടുണ്ട്. ഉസ്തുര്‍ക്കിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണചെയ്യുമെന്ന് പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം വ്യക്തമാക്കി.

സെക്കന്‍ഡ് ആര്‍മി കമാന്‍ഡര്‍ ആദം ഹൂദൂത്തി, തേര്‍ഡ് ആര്‍മി കമാന്‍ഡര്‍ ഇര്‍ദല്‍ ഉസ്തുര്‍ക് തുടങ്ങിയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതായി വ്യക്തമായിട്ടുണ്ട്. ഉന്നത ഓഫിസര്‍മാര്‍ അടക്കം 9000ത്തോളം ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കംചെയ്തു. ഇതില്‍ 7899 പൊലീസ്‌സുരക്ഷാ സൈനികരും ഒരു പ്രവിശ്യാ ഗവര്‍ണറും 29 ഗവര്‍ണര്‍മാരും ഉള്‍പ്പെടുന്നു.

അതിനിടെ, രാജ്യത്തുടനീളം ഞായറാഴ്ച രാത്രിയും ജനാധിപത്യ ഭരണകൂടത്തെ പിന്തുണച്ച് പ്രകടനങ്ങള്‍ അരങ്ങേറി. ആയിരക്കണക്കിന് പേര്‍ തുര്‍ക്കി പതാകയുമേന്തി അങ്കാറയിലെ കിസിലെ ചത്വരത്തിലെത്തി. ഇസ്തംബൂളിലെ തസ്‌കിം ചത്വരത്തിലും സമാനമായ കാഴ്ചയായിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 208 പേരാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്.

145 സിവിലിയന്മാരും 60 പൊലീസുകാരും മൂന്നു സൈനികരുമാണ് മരിച്ചത്. 1491 പേര്‍ക്ക് പരിക്കേറ്റു. ഇതിനുപുറമെ, 100 വിമത സൈനികരും കൊല്ലപ്പെട്ടു.രാജ്യം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയതായി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം കഴിഞ്ഞ ദിവസം പ്രസ്താവിച്ചുവെങ്കിലും അട്ടിമറി ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുപോയതായി നിരീക്ഷകര്‍ കരുതുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.