1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ശുദ്ധീകരണം തുടരുന്നു, വധശിക്ഷ പുനഃസ്ഥാപിക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനു ശേഷം അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ 15000 വിദ്യാഭ്യാസ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി ചൊച്ചാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉന്നത ഓഫിസര്‍മാര്‍ അടക്കം 9000 ത്തോളം ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. ഇതില്‍ 7899 പൊലീസുകാരും രക്ഷാ സൈനികരും ഒരു പ്രവിശ്യാ ഗവര്‍ണറും 29 ഗവര്‍ണര്‍മാരും ഉള്‍പ്പെടും. അട്ടിമറി നീക്കത്തെ തുടര്‍ന്ന് ഇതുവരെയായി 7500 പേര്‍ അറസ്റ്റിലായതായി അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 6038 പേര്‍ സൈനികരും 100 പൊലീസുകാരും 755 ജഡ്ജിമാരും 650 സിവിലിയന്മാരുമുണ്ട്.

അതേസമയം രാജ്യത്ത് 2004 ല്‍ പിന്‍വലിച്ച വധശിക്ഷ പുനസ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. തുര്‍ക്കി ജനത ആവശ്യപ്പെട്ടാല്‍ നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചശേഷം വധശിക്ഷ പുനഃസ്ഥാപിക്കാന്‍ തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസ്താവിച്ചു.

പിടിയിലായ അട്ടിമറിക്കാരെ ശിക്ഷിക്കാന്‍ വധശിക്ഷ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തി ഉര്‍ദുഗാന്‍ അനുകൂലികള്‍ പ്രകടനവും നടത്തി. അമേരിക്കയിലും റഷ്യയിലും ചൈനയിലുമെല്ലാം വധശിക്ഷ നിലവിലുണ്ടെന്നും യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളില്‍മാത്രമാണ് വധശിക്ഷയില്ലാത്തതെന്നും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി.

നിയമനിര്‍വഹണം പൂര്‍ണാര്‍ഥത്തില്‍ പിന്തുടരുന്ന ജനാധിപത്യരാജ്യമാണ് തുര്‍ക്കിയെന്നും ജനങ്ങളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ചേരുന്ന പാര്‍ലമെന്റ് യോഗം വധശിക്ഷ പുനസ്ഥാപിക്കണോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കും. യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനു വേണ്ട നിബന്ധനയായ വധശിക്ഷ എടുത്തുകളയല്‍ 2004 ലാണ് തുര്‍ക്കി നടപ്പാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.