1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2017

സ്വന്തം ലേഖകന്‍: പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന ബില്ലിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം, അടുത്ത പടി ജനഹിത പരിശോധന. പ്രസിഡന്റ് എര്‍ദോഗന്റെ അധികാരം ഗണ്യമായി വര്‍ധിപ്പിക്കുന്ന ഭരണഘടനാ പരിഷ്‌കാര ബില്ലിന്മേലുള്ള ആദ്യഘട്ട വോട്ടിംഗില്‍ ഭൂരിഭാഗം എംപിമാരും ബില്ലിനെ അനുകൂലിച്ചു. അന്തിമ വോട്ടിംഗ് പിന്നീടു നടക്കും.

കൂട്ടുകക്ഷി സര്‍ക്കാരുകള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്നും ശക്തമായ എക്‌സിക്യൂട്ടീവാണ് ആവശ്യമെന്നും ഭരണകക്ഷിയായ എകെ പാര്‍ട്ടി പറയുന്നു. രണ്ടാംഘട്ട വോട്ടെടുപ്പും അനുകൂലമായാല്‍ ജനഹിത പരിശോധന നടത്തി ഭരണഘടനാ പരിഷ്‌കാരം നടപ്പാക്കും. പ്രസിഡന്റിനു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ പരിഷ്‌കാരം നടപ്പായാല്‍ സാധിക്കും. കൂടാതെ രണ്ടു തവണ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

550 അംഗ പാര്‍ലമെന്റില്‍ 330 പേരുടെ പിന്തുണ കിട്ടിയാലേ ബില്‍ അന്തിമമായി പാസാക്കാനാവൂ. എകെ പാര്‍ട്ടിക്കു നിലവില്‍ 316 അംഗങ്ങളുണ്ട്. അവരെ പിന്തുണയ്ക്കുന്ന എം എച്ച്പിക്ക് 39 അംഗങ്ങളും. 550 അംഗങ്ങളില്‍ 484 പേര്‍ പങ്കെടുത്ത ആദ്യ ഘട്ട വോട്ടെടുപ്പില്‍ 342 പേരും പുതിയ ഭരണഘടനക്ക് അനുകൂലമായി വോട്ടുചെയ്തു. 135 പേര്‍ എതിരഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ഏഴ് വോട്ടുകള്‍ അസാധുവായി. കുര്‍ദ് അനുകൂല പാര്‍ട്ടിയായ പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി) വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യ പ്രതിപക്ഷമായ സി.എച്ച്.പിയും എച്ച്.ഡി.പിയും നേരത്തെതന്നെ പുതിയ ഭരണഘടനക്കെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം, മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കുശേഷമാണ് വോട്ടിങ് ആരംഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും.

ഇതില്‍ 330 അനുകൂല വോട്ട് ലഭിച്ചാല്‍, ഹിതപരിശോധന നടക്കും. ഇനി 367 വോട്ട് ലഭിച്ചാല്‍ ഹിതപരിശോധന ഇല്ലാതെതന്നെ പുതിയ ഭരണഘടനക്ക് പാര്‍ലമെന്റിന് അംഗീകാരം നല്‍കാം. എന്നാല്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍പോലും ഹിതപരിശോധനക്കു ശേഷം മാത്രമായിരിക്കും പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുകയെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്നതുപോലെ, പ്രസിഡന്റിന്റെ അധിക പദവി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തില്‌ളെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളിലേതിന് സമാനമായ ജനാധിപത്യ സംവിധാനമാണ് ഭരണഘടനാ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ഭരണഘടന നിലവില്‍ വന്നാല്‍, 2019 നവംബര്‍ മൂന്നിന് പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. പിന്നീട് പ്രധാനമന്ത്രിപദം ഉണ്ടായിരിക്കില്ല. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനുമുള്ള അധികാരം പ്രസിഡന്റിനായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.