1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2016

സ്വന്തം ലേഖകന്‍: ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ പ്രതി വിവാഹം ചെയ്യണമെന്ന വിവാദ നിയമം തുര്‍ക്കി പിന്‍വലിച്ചു. ബാലവിവാഹത്തെയും മാനഭംഗത്തെയും ന്യായീകരിക്കുന്നുവെന്ന് ആരോപണം നേരിട്ട വിവാദ ബില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇരകളെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു.

ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ബില്‍ പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി ബിനാലി യാദിരിം പറഞ്ഞു. പ്രസിഡന്റിന്റെ കൂടി അനുമതിയോടെയാണ് ഇത്തരമൊരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. പ്രതിപക്ഷത്തിന് അവരുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നുവെന്നും യാദിരീം ഇസ്താംബൂളില്‍ പറഞ്ഞു.

ബില്ലിന്മേല്‍ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിന് പുറമേ ലോകരാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനവും തുര്‍ക്കിക്ക് നേരിടേണ്ടിവന്നിരുന്നു. ബലാത്സംഗം ചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തയ്യാറായാല്‍ പ്രതിയെ കുറ്റവിമുക്തനാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തേടുന്നതിനിടെയാണ് വിവാദ നിയമം തുര്‍ക്കി പാസ്സാക്കിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിയാതെ അവരുമായി ലൈംഗികബന്ധതത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് മാപ്പുനല്‍കുന്നതിനാണ് ഈ നിയമമെന്നായിരുന്നു പ്രസിഡന്റ് റീസെപ് തായിപ്പ് സര്‍ക്കാറിന്റെ വാദം. എന്നാല്‍, ചെറിയ പെണ്‍കുട്ടികളെപ്പോലും ലൈഗിംഗാതിക്രമത്തിന് ഇരയാക്കുന്നതിന് ഈ നിയമം വഴിയൊരുക്കുമെന്ന് വലിയൊരു വിഭാഗം വാദിച്ചു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെയും ബലംപ്രയോഗിച്ചുള്ള ശൈശവ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിയമമാണിതെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാകുകയും ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ 40 ശതമാനത്തോളം വര്‍ധിച്ചതായാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.