1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2017

സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ റോഹിംഗ്യ അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായുള്ള തിക്കിലും തിരക്കിലും രണ്ടും കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു. ദുരിതാശ്വാസ വിതരണത്തിനിടെ തിരക്കില്‍പ്പെട്ടാണ് രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. കോക്‌സ് ബസാര്‍ ജില്ലയിലെ ബാലുഖാലിയിലാണ് സംഭവം.

ആയിരക്കണക്കിന് റോഹിങ്ക്യകളാണ് അതിദയനീയമായ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നത്. റോഡരികില്‍ നിയമവിരുദ്ധമായി ഒരു സന്നദ്ധസംഘം നടത്തിയ വസ്ത്ര വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഇവരുടെ മരണം. വിലക്കുകള്‍ ലംഘിച്ചാണ് ഇത്തരം സംഘടനകള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് യു.എന്‍ ഏജന്‍സി അറിയിച്ചു.

മ്യാന്‍മറിലെ റാഖിന്‍ സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായതോടെ പാലായനം ചെയ്ത ആയിരക്കണക്കിന് രോഹിംഗ്യകളാണ് ക്യാമ്പില്‍ കഴിയുന്നത്. ഈ ക്യാമ്പിലെ സാഹചര്യങ്ങള്‍ അതിദയനീയമാണെന്നും സ്ഥിതി അതീവ ഗുരതരമാണെന്നും യുഎന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യയിലും ബംഗ്ലാദേശിലും അഭയം തേടിയിരിക്കുന്ന റോഹിംഗ്യകളെ മ്യാന്മറിലേക്ക് തിരിച്ചയക്കാന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ വ്യാഴാഴ്ച ഫോണില്‍ വിളിച്ച് റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണ്. ബംഗ്ലാദേശിന്റെ അതേ നിലപാടു തന്നെയാണ് വിഷയത്തില്‍ ഇന്ത്യക്കുമെന്ന് സുഷമ പറഞ്ഞതായി ശൈഖ് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നസറുല്‍ ഇസ്‌ലാം ധാക്കയില്‍ പറഞ്ഞു. പ്രാദേശിക പ്രശ്‌നമെന്ന നിലയില്‍നിന്ന് ഇത് ആഗോള പ്രശ്‌നമായി വളര്‍ന്നതായും സുഷമ ചൂണ്ടിക്കാട്ടി.

ഈ മാസം അവസാനം ചേരുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിഷയം ഉന്നയിക്കുമെന്ന് ഹസീന ഉറപ്പു നല്‍കി. റോഹിംഗ്യകളെ കൂടുതല്‍ കാലം സംരക്ഷിക്കാനാവില്ലെന്ന നിലപാട് വ്യക്തമാക്കിയ ഹസീന, ഇന്ത്യയുടെ സഹായവും തേടി. വംശീയാക്രമണം അവസാനിപ്പിച്ച് അഭയാര്‍ഥികളെ തിരിച്ചുകൊണ്ടു പോകണമെന്നാണ് ഇരു രാജ്യങ്ങളുടെയും ആവശ്യം. കഴിഞ്ഞ ആഗസ്റ്റ് 25നു ശേഷം മ്യാന്മറില്‍നിന്ന് മൂന്നര ലക്ഷം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.