1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2018

സ്വന്തം ലേഖകന്‍: കാശില്ലാതെ നട്ടം തിരിഞ്ഞ് യുഎസ് സര്‍ക്കാര്‍; സര്‍ക്കാര്‍ ചെലവിന് പണം കണ്ടെത്താന്‍ അടിയന്തിര ബില്ലുമായി ട്രംപ് ഭരണകൂടം സെനറ്റില്‍. ധനകാര്യ ബില്‍ പാസാകാതെ വന്നതോടെ യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സ്തംഭനാവസ്ഥ തുടരുന്നു. സര്‍ക്കാരിനു പണം കണ്ടെത്താനായി ഒരു താല്‍ക്കാലിക ബില്‍ ഇന്നു സെനറ്റില്‍ അവതരിപ്പിക്കാനാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. പ്രശ്‌നപരിഹാരത്തിനു ഭരണ–പ്രതിപക്ഷ ചര്‍ച്ച തുടരുകയാണ്.

ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ചാണു പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തത്. എന്നാല്‍, ബില്‍ പാസാക്കാതെ ഈ വിഷയത്തില്‍ ഡമോക്രാറ്റുകളുമായി ചര്‍ച്ചയില്ലെന്ന നിലപാടിലാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടി. സര്‍ക്കാര്‍ ജീവനക്കാരോടു വീട്ടിലിരിക്കാനാണു നിര്‍ദേശം. പുതിയ ഫണ്ട് ലഭിക്കും വരെ ശമ്പളമില്ലാതെ ജോലിയെടുക്കാന്‍ ചില വിഭാഗങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. സൈനിക വിഭാഗങ്ങളെ പ്രതിസന്ധി ബാധിക്കില്ല.

ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഇരു സഭകളിലും ഭൂരിപക്ഷം. എന്നാല്‍, ധനകാര്യ ബില്‍ പാസാകാന്‍ 60 അംഗങ്ങളുടെ പിന്തുണ വേണം. ശനിയാഴ്ച സെനറ്റില്‍ അഞ്ചു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തു; ഡമോക്രാറ്റിക് പാര്‍ട്ടിയിലെ നാലുപേര്‍ തിരിച്ചും. ബില്‍ വ്യാഴാഴ്ച ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ഏഴു ലക്ഷത്തോളം വരുന്ന അനധികൃത യുവ കുടിയേറ്റക്കാര്‍ക്കു നല്‍കി വന്നിരുന്ന താല്‍ക്കാലിക നിയമസാധുത റദ്ദാക്കിയ ട്രംപിന്റെ നയത്തില്‍ പ്രതിഷേധിച്ചാണു ഡമോക്രാറ്റുകളുടെ നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.