1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2015

സ്വന്തം ലേഖകന്‍: 2030 തോടെ യുഎഇ വെള്ളമില്ലാത്ത നാടാകുമെന്ന് റിപ്പോര്‍ട്ട്. ലോക ജല ദിനമായ മാര്‍ച്ച് 22 നു ഗള്‍ഫ് ന്യൂസാണ് യുഎഇയുടെ അത്ര ശോഭനമല്ലാത്ത ജലഭാവിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അടുത്ത പതിനഞ്ചു വര്‍ഷത്തേയും അതിനു ശേഷവുമുള്ള ഭൂഗര്‍ഭ ജല ലഭ്യത്തയായിരുന്നു റിപ്പോര്‍ട്ടിന്റെ വിഷയം.

ഐക്യരാഷ്ട്ര സഭയുടെ ജല ലഭ്യതയെക്കുറിച്ചുള്ള മാനദണ്ഡമനുസരിച്ച് ഒരു വ്യക്തിക്ക് ഒരു വര്‍ഷത്തേക്ക് ശരാശരി 1000 ക്യുബിക് മീറ്റര്‍ ജലം ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍ യുഎഇയിലെ ജല ലഭ്യതാ നിരക്ക് ഇതിന്റെ പകുതി മാത്രമാണ് എന്നത് രാജ്യത്തെ ജല ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലാക്കുന്നു.

നിലവില്‍ യുഎഇയുടെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് 4,052,000 മില്യണ്‍ ക്യുബിക് ലിറ്ററാണ്. എന്നാല്‍ പ്രതിവര്‍ഷം ലഭിക്കുന്ന മഴയുടെ അളവില്‍ ഉണ്ടാകുന്ന കുറവ് ഈ ശേഖരം അതിവേഗം തീര്‍ന്നു പോകാന്‍ കാരണമാകും.

രാജ്യത്തെ ഭൂഗര്‍ഭ ജല ശേഖരം അതിവേഗം ശോഷിച്ചു കൊണ്ടിരിക്കുന്നതിനാല്‍ വരും തലമുറകള്‍ക്കായി നാം അതിനെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് എന്‍വിരോണ്മെന്റ് ആന്‍ഡ് വാട്ടര്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് സയീദ് ഹാരെദ് പറഞ്ഞു.

നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഭൂഗര്‍ഭ ജല ശേഖരം അടുത്ത 16 മുതല്‍ 36 വര്‍ഷത്തിനുള്ളില്‍ തീര്‍ന്നു പോകുമെന്ന് യുഎഇ യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനവും വെളിപ്പെടുത്തുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായാണ് യുഎഇയില്‍ നല്ലൊരു അളവും ജലം ഉപയോഗിക്കപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലുള്ള യുഎഇ, 2013 ല്‍ ഐക്യരാഷ്ട്ര സഭയുടെ ജല വിനിയോഗ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. കണക്കുകള്‍ അനുസരിച്ച് യുഎഇ യിലെ ഓരോ വ്യക്തിയും ഒരു ദിവസം ശരാശരി 550 ലിറ്റര്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.