1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2017

സ്വന്തം ലേഖകന്‍: തണുത്തു വിറച്ച് യുഎഇ, താപനില അടുത്തകാലത്തെ ഏറ്റവും താഴ്ന്ന നിലയില്‍. വടക്കുപടിഞ്ഞാറന്‍ കാറ്റായ ഷമാല്‍ ശക്തമാകുന്നതോടെ താപനില കൂടുതല്‍ താഴുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.
കാറ്റ് ശക്തമാകുന്നതോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് കുറയും. അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും തണുപ്പ് കൂടുതലായി അനുഭവപ്പെടുക.

അല്‍ ഐന്‍ മേഖലയിലും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയിലെങ്ങും തണുപ്പു പൊതുവേ കൂടിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ ആകുമെന്നാണു ദുബായ് മുനിസിപ്പാലിറ്റി റിപ്പോര്‍ട്ട്.
മുന്‍വര്‍ഷങ്ങളിലെക്കാള്‍ ജനുവരിയില്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടും.

മൂടല്‍മഞ്ഞ് നിറഞ്ഞ് കാഴ്ചാപരിധി 50 മീറ്ററിന് താഴെയായതോടെ അബൂദബിയിലും ദുബൈയിലുമായി നൂറോളം വിമാനങ്ങള്‍ വൈകി. കൂടാതെ അല്‍ഖൈലി റോഡ്, വിമാനത്താവള റോഡ്, ദുബൈയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവയില്‍ അപകടങ്ങളുണ്ടാകാനും മഞ്ഞ് ഇടയാക്കി. മുടല്‍മഞ്ഞ് മൂലം 158 വിമാനങ്ങളാണ് ഇന്ന് വൈകിയത്. കനത്ത മഞ്ഞ് രാജ്യത്ത് നിന്നുള്ള വിമാന സര്‍വീസുകളേയും തടസ്സപ്പെടുത്തി.അബുദാബിയില്‍ മാത്രം 83 സര്‍വീസുകളാണ് വൈകിയത്.

ദുബായിയിലേക്ക് എത്തേണ്ടിയിരുന്ന 31 വിമാനങ്ങളും ദുബായില്‍ നിന്നും പുറപ്പെടേണ്ട 32 വിമാനങ്ങളും വൈകി. ഇത് മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. മഞ്ഞ് മൂലം സര്‍വീസുകള്‍ വൈകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നോക്കി വിമാനസമയം മുന്‍കൂട്ടി മനസിലാക്കണമെന്ന് വിവിധ വിമാനകമ്പനികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

പോയവര്‍ഷങ്ങളില്‍ ജനുവരിയില്‍ ഏറ്റവും കൂടിയത് 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 12 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പു നല്‍കാന്‍ മീഡിയാ പേജില്‍ മുനിസിപ്പാലിറ്റി പുതിയ സൗകര്യമൊരുക്കിയിട്ടുണ്ട്. കാലാവസ്ഥാ സംബന്ധമായി എല്ലാദിവസവും ബുള്ളറ്റിന്‍ ഇറക്കും. ദുബായ് മുനിസിപ്പാലിറ്റി കാലാവസ്ഥാ മുന്നറിയിപ്പുമായി നജിം സുഹൈല്‍ എന്ന പേരില്‍ ആപ്പ് പുറത്തിറക്കി. 16 നിരീക്ഷണ കേന്ദ്രങ്ങള്‍ വഴി അന്തരീക്ഷ വ്യതിയാനങ്ങള്‍ വിലയിരുത്തിയായിരിക്കും റിപ്പോര്‍ട്ട് തയാറാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.