1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2015

സ്വന്തം ലേഖകന്‍: യുഎഇയില്‍ കഴിഞ്ഞ 15 മാസത്തിനിടെ 60,000 ത്തോളം അനധികൃത താമസക്കാര്‍ പിടിയിലായി. കുടിയേറ്റ നിയമം ലംഘിച്ചു താമസച്ചിരുന്നവരാണ് പിടിയിലായ എല്ലാവരും.

ഈ വര്‍ഷം ആദ്യപാദ പരിശോധനയില്‍ 12,699 പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങിയവരും അനഷികൃതമായി നുഴഞ്ഞു കയറിയവരുമാണ് ഇവരില്‍ അധികവും.

ഒരിക്കല്‍ പിടികൂടിയവരെ നിയമ നടപടികള്‍ക്കു ശേഷം നാടുകടത്തുമെങ്കിലും ഇവര്‍ വീണ്ടും രാജ്യത്തേക്കു പ്രവേശിക്കുന്നുണ്ട്. നാടുകടത്തി മണിക്കൂറുകള്‍ക്കു ശേഷം അനധികൃത മാര്‍ഗത്തില്‍ പ്രവേശിച്ചവരും പൊലീസിന്റെ പട്ടികയിലുണ്ട്.

പിടിക്കപ്പെട്ടവരില്‍ ചിലര്‍ വിവിധ കുറ്റകൃത്യങ്ങള്‍ നടത്തി സ്വരാജ്യം വിട്ട് ഒളിച്ചോടിയവരാണ്. രേഖകളില്ലാതെ രാജ്യത്തേക്കു കടക്കുന്നവരില്‍ നല്ലൊരു ശതമാനം ഒളിച്ചോട്ടം, കവര്‍ച്ച, പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളാണ്.

അതിസാഹസികമായും ജീവന്‍ പണയം വെച്ചുമാണു പലരും നുഴഞ്ഞു കയറുന്നത്. ചരക്കു വാഹനത്തിലെ മണല്‍കൂനകളില്‍ കിടന്നു രാജ്യത്തേക്കു കടന്ന 47 പേരെ പരിശോധനയില്‍ പിടികൂടി. നുഴഞ്ഞുകയറ്റക്കാരില്‍ കൂടുതലും കര മാര്‍ഗമാണു വരുന്നത്. വിമാനത്താവളങ്ങള്‍ വഴി വന്നവര്‍ 1165 പേരാണ്. അതേസമയം കടല്‍കടന്ന് വന്നവര്‍ 124 പേര്‍ മാത്രമാണ്.

അനധികൃത മാര്‍ഗത്തിലൂടെ രാജ്യത്തേക്കു കടന്നവരില്‍ സ്ത്രീകളുമുണ്ട്. ഇവരില്‍ ചിലര്‍ മദ്യപാനം പതിവാക്കിയവരും കുറ്റകൃത്യങ്ങളിലെ പ്രതികളുമാണ്. ചിലര്‍ കുട്ടികളെയും കൂട്ടിയാണു സാഹസത്തിനു മുതിരുന്നത്. അനധികൃത താമസിക്കാരായ സ്ത്രീകളില്‍ ചിലര്‍ ഭിക്ഷാടനവും വീടുകളില്‍ പാര്‍ടൈം പണിചെയ്തുമാണ് പണമുണ്ടാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.