1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2019

സ്വന്തം ലേഖകന്‍: ഒത്തുകളി കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതിയുടെ വിധി; ഇനി പന്ത് യുകെ ആഭ്യന്തര സെക്രട്ടറിയുടെ കോര്‍ട്ടില്‍. 2000ത്തില്‍ ഇന്ത്യദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കിടെ നടന്ന ഒത്തുകളി കേസിലെ പ്രതിയാണ് സഞ്ജീവ് ചൗള. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യു.കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അന്തിമ തീരുമാനമെടുക്കും.

ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ് ചൗളയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് 2016ല്‍ ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ത്യയുടെ വാദം തള്ളുകയായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച ഇന്ത്യക്ക് അനുകൂലമായ വിധി വന്നു. തുടര്‍ന്ന് വീണ്ടും വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയെ ഇന്ത്യ സമീപിക്കുകയായിരുന്നു.

1996 വരെ ഇന്ത്യയിലുണ്ടായിരുന്ന ചൗള ബിസിനസ് വിസയിലാണ് രാജ്യം വിട്ടത്. ഒത്തുകളിയില്‍ ഉള്‍പ്പെട്ടതോടെ 2000ത്തില്‍ ഇന്ത്യ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. എന്നാല്‍ 2005ല്‍ ചൗള യു.കെ പാസ്‌പോര്‍ട്ട് സമ്പാദിക്കുകയായിരുന്നു. 2016ല്‍ ലണ്ടനില്‍വെച്ച് ചൗള അറസ്റ്റിലായതോടെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളില്‍ മതിയായ സൗകര്യമില്ലെന്നും വാദിച്ച് ചൗള പിടിച്ചുനിന്നു. 2000ത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ, ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ എന്നിവരുള്‍പ്പെട്ട ഉള്‍പ്പെട്ട ഒത്തുകളി ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ 2002ല്‍ ഹാന്‍സി ക്രോണ്യ കൊല്ലപ്പെട്ടു. അജയ് ജഡേജയെയും അസ്ഹറുദ്ദീനെയും വിലക്കുകയും ചെയ്തു.

2018 നവംബറില്‍ ചൗളയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി തിഹാര്‍ ജയില്‍ സുരക്ഷിതമാണെന്നും അവിടേക്ക് ചൗളയെ അയക്കുന്നത് അപകടകരമല്ലെന്ന് വിധിക്കുകയും ചെയ്തു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാന്‍സ് എന്നിവര്‍ ചൗളയുടെ വാദം തള്ളുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.