1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2020

സ്വന്തം ലേഖകൻ: അർക്കാഡിയ ഗ്രൂപ്പിനു കീഴിലുള്ള ടോപ്പ് ഷോപ്പ്, ബർട്ടൺസ്, ഡൊറേത്തി പെർക്കിൻസ് എന്നീ വസ്ത്ര-വ്യാപാര ശൃഖലകളുടെ നിലനിൽപ്പ് തുലാസിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു പ്രമുഖ വ്യാപാര ശൃഖലയായ ഡെബ്നാംസും പ്രതിസന്ധിയിലാണെന്നാണ് വാർത്തകൾ. ചുരുങ്ങിയത് 12,000 പേരുടെ ജോലി ഇതിലൂടെ നഷ്ടമാകും.

കഴിഞ്ഞ ഏപ്രിൽ മുതൽ ജെ.ഡി. സ്പോർട്സുമായി നടന്നുവന്ന റസ്ക്യൂ ഡീൽ ചർച്ചകൾ, പരാജയപ്പെട്ടതോടെയാണ് ഡെബ്നാംസിന്റെ 124 ഷോപ്പുകൾ അടയ്ക്കാൻ കമ്പനി നിർബന്ധിതരാകുന്നത്. 242 വർഷമായി പ്രവർത്തിക്കുന്ന ഡെബ്നാംസിന്റെ ഏതാനും ഷോറൂമുകൾ ചെറുതാക്കിയും 6,500 ജീവനക്കാരെ കുറച്ചും കമ്പനി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ലിക്യുഡേഷനിലേക്ക് നയിക്കുന്നത്. ഡെബ്നാംസും അർക്കാഡിയയും തമ്മിലുള്ള ബിസിനസ് ബന്ധങ്ങളാണ് റസ്ക്യൂ ഡീലിൽ നിന്നും പിന്മാറാൻ ജെ.ഡി. സ്പോർട്സിനെ പ്രേരിപ്പിച്ചതെന്നാണു റിപ്പോർട്ടുകൾ.

അർക്കാഡിയയുടെയും ഡെബ്നാംസിന്റെയും തകർച്ചയോടെ ബ്രിട്ടീഷ് നഗരങ്ങളിലെ ഹൈസ്ട്രീറ്റുകളിൽ നിന്നും അപ്രത്യക്ഷമാകുന്നത് 444 വൻകിട സ്ഥാപനങ്ങളാണ്. ലോക കോടീശ്വരന്മാരിൽ ഒരാളായ സർ ഫിലിപ്പ് ഗ്രീൻ 2002ലാണ് 850 മില്യൺ പൗണ്ടിന് അർക്കാഡിയ ഗ്രൂപ്പിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയത്. കൊവിഡ് കാലത്ത് മൊണോക്കോ തീരത്തെ സ്വന്തം ആഡംബര നൗകയിൽ ജീവിതം ആസ്വദിക്കുന്ന സർ ഫിലിപ്പ് ഗ്രീൻ കമ്പനിയുടെ തകർച്ച തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നു തൊഴിലാളി യൂണിയനുകൾക്ക് പരാതിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.