1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 70 വയസ്സിനു മുകളിലുള്ളവരും ക്ലിനിക്കലായി അങ്ങേയറ്റം ദുർബലരായവരുമായ 5.5 ദശലക്ഷത്തിലധികം പേർ ഇന്ന് മുതൽ കൊവിഡ് വാക്സിൻ സ്വീകരിച്ചു തുടങ്ങും. കെയർ ഹോം അന്തേവാസികളും 80 വയസ്സിനു മുകളിലുള്ളവരുടെയും മുൻ‌ഗണനാ ഗ്രൂപ്പുകളിൽ ഭൂരിഭാഗവും വാക്സിനേഷൻ ഇതിനകം തന്നെ സ്വീകരിച്ച് കഴിഞ്ഞു. വാക്സിനേഷൻ പദ്ധതികൾ ദ്രുതഗതിയിലാക്കുന്നത് എൻഎച്ച്എസിന്റെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യു്ട്ടീവ് സർ സൈമൺ സ്റ്റീവൻസ് ചൂണ്ടിക്കാട്ടി.

ആശുപത്രികളും ജീവനക്കാരും കടുത്ത സമ്മർദ്ദത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ക്രിസ്മസ് മുതൽ ഇംഗ്ലണ്ടിലുടനീളമുള്ള ആശുപത്രികളിലെ ഇൻപേഷ്യന്റുകളിൽ 15,000 ത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു. കൊറോണ വൈറസ് രോഗികൾ നിറഞ്ഞ 30 ആശുപത്രികൾ നിറഞ്ഞു കവിയുന്നതിന് തുല്യമാണിത്, ഇംഗ്ലണ്ടിലുടനീളം ഓരോ 30 സെക്കൻഡിലും ഒരാളെ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കിടക്കകൾ ലഭ്യമല്ലാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ‌എച്ച്എസ് ഒരു മിനിറ്റിൽ 140 ജാബുകൾ നൽകുന്നുണ്ടെന്നും സ്റ്റീവൻസ് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നുവെന്നാണ്. പുതിയ കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിൽ നിന്നും 22.5% കുറഞ്ഞു. അതേസമയം ആശുപത്രി പ്രവേശനവും മരണവും ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്.

അതിനിടെ മാർച്ചിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഭൂരിഭാഗം ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് ലഭിക്കുന്നതിന് വേനൽക്കാലം വരെ കാത്തിരിക്കേണ്ടി വരുന്നത് കൂടുതൽ സാമ്പത്തിക ദുരിതത്തിലേക്ക് നയിക്കുമെന്ന് കാബിനറ്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കം.

അതേസമയം സർക്കാരിന്റെ ശാസ്ത്ര ഉപദേശക സമിതി നിയന്ത്രണങ്ങൾ തുടരണമെന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ജനങ്ങൾക്ക് വാക്സിൻ പൂർണ്ണമായും ലഭിക്കുന്നതിന് മുൻപ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കൂടുതൽ അപകടം ക്ഷണിച്ച് വരുത്തുമെന്ന് അവർ അഭിപ്രായപ്പെടുന്നു.

മാർച്ച് തുടക്കത്തിൽ തന്നെ ലോക്ക്ഡൗൺ അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഏറ്റവും വലിയ ഭീഷണി മ്യൂട്ടന്റ് സ്ട്രെയിനുകളാണെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സൂചന നൽകുന്നു. നിലവിലെ വാക്സിനേഷൻ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ തടയുന്നതിനായി ബ്രിട്ടന്റെ അതിർത്തികളിൽ പ്രത്യേക സംവിധാനങ്ങൾ തന്നെ സർക്കാർ ഒരുക്കിയിട്ടുണ്ട്.

ബ്രിട്ടനിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റിവ് ടെസ്റ്റ് ഫലം നിർബന്ധമാക്കിയതിന് പുറമെ രണ്ടാഴ്ച്ച നിർബന്ധിത ഹോട്ടൽ ക്വാറന്റൈനും വേണം. നിയമ ലംഘകരെ കണ്ടുപിടിക്കാൻ ജിപിഎസും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഉപയോഗിക്കാനും സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അയർലൻഡിൽ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

അയർലൻഡിലെ വെക്സ്ഫോർഡിലുള്ള ബെൻക്ലോഡിയിൽ മലയാളിയായ മെയിൽ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കാട് തുവ്വൂർ സ്വദേശി സോൾസൺ സേവ്യർ പയ്യപ്പള്ളി (34)യാണ് മരിച്ചത്.‌ വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

കൊവിഡ് ബാധിതനായി വീട്ടിൽതന്നെ വിശ്രമത്തിലും ചികിൽസയിലുമായിരുന്നു സോൾസൺ. ഇതിനിടെ ശനിയാഴ്ച വൈകിട്ടാണ് രോഗം ഗുരുതരമായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഇന്നലെ വൈകുന്നേരത്തോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു.

ഭാര്യ ബിൻസി. ഇവർക്ക് മൂന്നുവയസുള്ള ഒരു കുട്ടിയുണ്ട്. പയ്യപ്പള്ളിൽ പരേതനായ സേവ്യറിന്റെയും മറിയത്തിന്റെയും മകനാണ്. കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോന പള്ളി ഇടവകാംഗമാണ് സോൾസൺ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.