1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2015

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മൂന്ന് ആസ്തികള്‍കൂടി സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രതിരോധ സെക്രട്ടറി മൈക്കള്‍ ഫാലൊന്‍. 2010ല്‍ അധികാരത്തില്‍ ഏറിയശേഷം ഡേവിഡ് കാമറൂണ്‍ നേതൃത്വം നല്‍കുന്ന ഈ സര്‍ക്കാര്‍ പ്രതിരോധ വകുപ്പിന്റെയും പട്ടാളത്തിന്റെയും വസ്തുവകകള്‍ ലേലം ചെയ്ത് 380 മില്യണ്‍ പൗണ്ട് സമ്പാദിച്ചിരുന്നു. ലണ്ടനില്‍ ഉപയോഗിക്കാതെ കിടന്ന അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷന്‍, പഴയ ബാരക്കുകള്‍, പോളോ ഫീല്‍ഡ്‌സ് എന്നിവയായിരുന്നു സര്‍ക്കാര്‍ ലേലം ചെയ്തത്.

കമ്മി ബജറ്റില്ലാതാക്കുന്നതിനായി കഴിഞ്ഞ നാല് വര്‍ഷമായി പ്രതിരോധ മേഖലയിലുള്ള മുതല്‍മുടക്ക് ബ്രിട്ടണ്‍ കുറച്ചുകൊണ്ട് വരികയായിരുന്നു. എട്ടു ശതമാനത്തോളം തുകയാണ് ബജറ്റില്‍ നിന്ന് പ്രതിരോധ മേഖലയ്ക്കായി വെട്ടുക്കുറച്ചത്. ചെലവേറിയ ജെറ്റ് വിമാനങ്ങളും മറ്റ് യുദ്ധവിമാനങ്ങളുടെയും എണ്ണം വെട്ടിക്കുറയ്ക്കുകയും സൈന്യത്തിന്റെ എണ്ണം ആറില്‍ ഒന്നായി കുറയ്ക്കുകയും ചെയ്തിരുന്നു.

പട്ടാളത്തിന്റെ കൈവശമുള്ള സ്ഥലങ്ങളും മറ്റും നോക്കി നടത്താനും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കുമൊക്കെയായി സ്വകാര്യ വ്യക്തികളുമായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സഹകരിച്ച് തുടങ്ങിയിരുന്നു.

മെയ് ഏഴിനാണ് ബ്രിട്ടണില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്‍പ് പ്രതിരോധ മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന എല്ലാ വെട്ടിക്കുറയ്ക്കലുകളും നടത്തുമെന്ന് ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കവെ ഫലോണ്‍ പറഞ്ഞു.

ദക്ഷിണ ഇംഗ്ലണ്ടിലെ മാര്‍ച്ച്‌വുഡിലുള്ള പോര്‍ട്ടിന്റെ നടത്തിപ്പിനായി സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയുമാണെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു.

മിലിട്ടറി ലോജിസ്റ്റിക്ക്‌സ് ആന്‍ഡ് സപ്ലൈസ് വിഭാഗം പുനരാരംഭിക്കാനും സ്വകാര്യ വ്യക്തികളെ ആശ്രയിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.