1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2017

സ്വന്തം ലേഖകന്‍: ‘തെരേസാ കി സാത്,’ ഇന്ത്യന്‍ വോട്ടര്‍മാരെ പിടിക്കാന്‍ ഹിന്ദിയില്‍ പ്രചാരണ ഗാനവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണ യുദ്ധം മുറുകുന്നു. ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന പൊതു തെരെഞ്ഞടുപ്പില്‍ ബ്രിട്ടനിലെ 16 ലക്ഷം ഇന്ത്യക്കാരുടെ പിന്തുണ നേടാനാണ് കണ്‍സര്‍വേറ്റിവ് ഫ്രണ്ട്‌സ് ഇന്ത്യയും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരന്‍ രഞ്ജിത് എസ്. ബക്‌സിയുമാണ് ‘തെരേസ കി സാത്’ എന്ന ഗാനത്തിന്റെ അണിയറ ശില്‍പ്പികള്‍.

അടുത്ത അഞ്ചു വര്‍ഷത്തേക്ക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരേസ മേയെ പിന്തുണക്കാന്‍ ഇന്ത്യന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നതാണ് ഗാനം. മേയ്ക്കുള്ള ഓരോ വോട്ടും ബ്രിട്ടനെ ശക്തിപ്പെടുത്താനുള്ളതാണെന്നും ഇതിന്റെ ഗുണങ്ങള്‍ രാജ്യത്താകമാനമുള്ള ഏവര്‍ക്കും ലഭിക്കുമെന്നും ഗാനം പുറത്തിറക്കിയ സംഘം പറയുന്നു. ഇന്ത്യയുമായി ശക്തമായ വ്യവസായ പങ്കാളിത്തം രൂപപ്പെടുത്താനും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹവുമായി സജീവമായി ഇടപെടാനും മേയ് ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗാനത്തിന്റെ രചന, സംഗീതം, നിര്‍മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് പണ്ഡിറ്റ് ദിനേശാണ്. നവിന്‍, കുന്ദ്ര, റുബയത് ജഹന്‍, ഉര്‍മി ചക്രബര്‍ത്തി, രാജ കാസഫ്, കേതന്‍ കന്‍സ്ര എന്നിവരാണ് ഗാനം ആലപിച്ചത്. മിലന്‍ ഹന്ദ, ക്രിസ് നോളന്‍, മൗരോ എന്നിവരും സംഘത്തിലുണ്ട്. 2015 മേയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പിന്തുണക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഇതേ സംഘം ഗാനം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ പ്രചാരണ തന്ത്രങ്ങള്‍ മാറിമാറി പരീക്ഷിക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.