1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ഇയു പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബ്രിട്ടനില്‍ തുടരാം, കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് തെരേസാ മേയ് സര്‍ക്കാര്‍ നീങ്ങില്ലെന്ന് സൂചന. ബ്രെക്‌സിറ്റിനു ശേഷവും ഇ.യു പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വിസയില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നു. എന്നാല്‍, അനിശ്ചിതകാലം വിസയില്ലാതെ ബ്രിട്ടനില്‍ കഴിയാം എന്ന് ഇതിനര്‍ഥമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ കുടിയേറ്റ നിയമങ്ങള്‍ അനുസരിക്കേണ്ടി വരും. ബ്രെക്‌സിറ്റോടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാറിന് അധികാരമുണ്ടാകും. എന്നാല്‍, കുടിയേറ്റം പൂര്‍ണമായി അവസാനിപ്പിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ അതിവിദഗ്ധ തൊഴിലാളികളെ ബ്രിട്ടന് ആവശ്യമുണ്ട് എന്നതാണ് ഇതിനു കാരണം.

ഇയു രാജ്യങ്ങളില്‍ നിന്ന് നിബന്ധനകള്‍ക്കു വിധേയമായ കുടിയേറ്റം അനുവദിക്കുക എന്നതാകും തെരേസാ മേയ് സര്‍ക്കാരിന്റെ നയം. കുടിയേറ്റത്തെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പുറത്തുവിടാനാണ് പദ്ധതി. വടക്കന്‍ അയര്‍ലണ്ടിനെക്കുറിച്ചുള്ള സമീപനം വ്യക്തമാക്കുന്ന രേഖ ബ്രെക്‌സിറ്റ് വിലപേശലിനിടെ പ്രസിദ്ധീകരിച്ച അവസരത്തിലാണ് തെരേസ മേയ് സര്‍ക്കര്‍ ഇതു സംബന്ധിച്ച പദ്ധതികള്‍ വെളിപ്പെടുത്തിയത്.

ഈ രേഖയനുസരിച്ച് ഇയു പൗരന്മാര്‍ക്ക് ഐറിഷ് അതിര്‍ത്തിയിലൂടെ യുകെയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ എത്തുന്ന ഇയു പൗരന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുണ്ടായാല്‍ മാത്രമേ ബ്രിട്ടനില്‍ ജോലി ചെയ്ത് ജീവിക്കാന്‍ കഴിയൂ. ഒരു നൂറ്റാണ്ടോളമായി യുകെയിലുള്ളവര്‍ക്ക് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലേക്കും അവിടെയുള്ളവര്‍ക്ക് തിരിച്ചും സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവകാശമുണ്ട്. ബ്രെക്‌സിറ്റിന് ശേഷവും ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പുതിയ പദ്ധതികളിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.