1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2040 വരെ മാത്രമെന്ന് സര്‍ക്കാര്‍, ഉടന്‍ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പെട്രോള്‍ ഡീസല്‍ കാറുകളും വാനുകളും ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള നടപടികള്‍ മതിയാവില്ലെന്നും മലിനീകണം തടയാന്‍ ഉടനടി നടപടികളാണ് ഉണ്ടാകേണ്ടതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

മൂന്ന് ബില്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമാണ് നീക്കമെന്ന് പരിസ്ഥിതി മന്ത്രി മൈക്കിള്‍ ഗോവ് പറഞ്ഞു. അന്തരീക്ഷത്തിലെ നൈട്രജന്‍ ഡൈഓക്‌സൈഡ് പരിധി കുറക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ സമര്‍പ്പിക്കുമെന്നും 2050 ഓടെ നിരത്തുകളില്‍ നിന്ന് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമാക്കുക എന്നതാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ ഡീസല്‍ ഇന്ധനങ്ങളുടെ ജ്വലനം മൂലമുണ്ടാകുന്ന നൈട്രജന്‍ ഡൈഓക്‌സൈഡ് പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കി അവതരിപ്പിക്കണമെന്ന് ബ്രിട്ടീഷ് ഹൈകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മേയില്‍ ഇതിന്റെ കരട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ നൈട്രജന്‍ ഡൈഓക്‌സൈഡ് പരിധി കുറക്കുന്നതിന് തദ്ധേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാന്‍ തീരുമാനിച്ചു. സ്പീഡ് ഹമ്പുകള്‍ നീക്കം ചെയ്യുക, ട്രാഫിക് ലൈറ്റുകള്‍ പുനഃസജ്ജീകരിക്കുക, റോഡുകളുടെ രൂപകല്‍പനയില്‍ മാറ്റംവരുത്തുക എന്നീ നടപടികള്‍ സ്വീകരിക്കാനാണ് പ്രഥമ പരിഗണന.

എന്നാല്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നഗരങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കടുത്ത നടപടികളാണ് പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടുന്നത്. ഇത്തരം കടുത്ത നടപടികള്‍ എടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മലിനീകരണ തോത് അമിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ മതിയാവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഗ്രീന്‍പീസ് അടക്കമുള്ള പരിസ്ഥിതി സംഘടനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.