1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2017

 

സഖറിയ പുത്തന്‍കളം: മിഡ്വെയില്‍സിന്റെ മലനിരകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടവിളികള്‍ വാനിലുയര്‍ത്തി കൊണ്ട് ക്‌നാനായ യുവജനങ്ങളുടെ ഈ വര്‍ഷത്തെ ലീഡര്‍ഷിപ്പ് ക്യാമ്പ് വിജയകരമായി അവസാനിച്ചു. മിഡ്വെയ

ില്‍സിലെ ന്യൂടൌണ്‍ എന്ന സ്ഥലത്തുള്ള കെഫന്‍ലി പാര്‍ക്ക് എന്ന സ്ഥലത്ത് വച്ചാണ് ഫെബ്രുവരി 3,4,5 തീയതികളിലായി 35 ഓളം യൂണിറ്റുകളില്‍ നിന്നായി 115 ഓളം യുവജനങ്ങള്‍ പങ്കെടുത്ത യുകെകെസിവൈഎല്‍ ക്യാമ്പ് അരങ്ങേറിയത്. വെള്ളിയാഴ്ച 5 മണിയോട് കൂടി ആരംഭിച്ച ക്ലാസ് ഞായറാഴ്ച വൈകുന്നേരം 3 മണിയോട് കൂടി സമാപിച്ചു.

യുകെയിലെ സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി പുത്തന്‍പുരയിലിന്റെയും ഫാ. സജി തോട്ടത്തിലിന്റെയും നാഷണല്‍ ഡയറക്ടര്‍മാരായ ശ്രീ. സിന്റോ ജോണ്‍, ശ്രീമതി. ജോമോള്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ യുകെകെസിവൈഎല്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ഷിബിന്‍ വടക്കേക്കര, സെക്രട്ടറി ജോണി മലേമുണ്ട, മറ്റു അംഗങ്ങളായ ഡേവിഡ് മൂരിക്കുന്നേല്‍, സ്റ്റീഫന്‍ ടോം, സ്റ്റെഫിന്‍ ഫിലിപ്പ് എന്നിവരുടെ ചിട്ടയായ ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളാല്‍ ഈ യുവജന സംഗമം പങ്കെടുത്ത എല്ലാവര്‍ക്കും പുതുമയും ആവേശവും അറിവും പകര്‍ന്നു നല്‍കി.

ക്‌നാനായ അവബോധം സൃഷ്ടിക്കുന്ന ക്‌ളാസുകളും ഗെയിമുകളും സ്‌പോര്‍ട്‌സും കലാപരിപാടികളും സംഗീതവും പ്രാര്‍ത്ഥനയും റോസറികളും വിശുദ്ധ കുര്‍ബ്ബാനയും ഇട കലര്‍ന്ന മൂന്ന് ദിവസങ്ങള്‍ യുവജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായെന്ന് ഫാ. സജി പുത്തന്‍പുരയില്‍ എടുത്തു പറഞ്ഞു.

ഇതുപോലെ യുവജനങ്ങള്‍ക്ക് അവരുടെ ആദ്ധ്യാത്മികവും ശാരീരികവും ബൗദ്ധീകവുമായ ഉയര്‍ച്ചക്ക് ഉപകരിക്കുമാറ് എല്ലാ ചേരുവകളും ഉള്‍ക്കൊള്ളിച്ച ഒരു യുവജന പ്രോഗ്രാം പാക്ക് ആദ്യമായാണ് യുകെയില്‍ കാണുന്നതെന്ന് ക്ലാസില്‍ യുവജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയ യുകെയുടെ പല ഭാഗത്തു നിന്നുമെത്തിയ യൂണിറ്റ് ഡയറക്ടര്‍മാര്‍ ഒന്നടങ്കം പറഞ്ഞു.

ഈ ലീഡര്‍ഷിപ്പ് ക്ലാസില്‍ പ്രധാനമായും ക്ലാസ്സുകള്‍ നയിച്ചത് കേരളത്തില്‍ നിരവധി ട്രെയ്‌നിങ് ക്‌ളാസുകള്‍ നടത്തിയിട്ടുള്ള ലെസസ്റ്ററില്‍ നിന്നുമുള്ള ശ്രീ. ആല്‍ബിന്‍ എബ്രഹാമും ശ്രീ. സിജോ ജോണും അടങ്ങിയ ടീമാണ്.

ഒരു ക്‌നാനായ യുവാവിനെ/യുവതിയെ സംബന്ധിച്ച് ഒരാളുടെ നേതൃത്വ പാടവം യുകെകെസിവൈഎല്‍ എന്ന സംഘടനയിലൂടെ എങ്ങിനെ വളര്‍ത്താം എന്നും അത് സ്വന്തം കുടുംബത്തിലും ക്‌നാനായ സമുദായത്തിലും സമൂഹത്തിലും എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഈ യുകെകെസിവൈഎല്‍ ക്ലാസുകൊണ്ട് ലക്ഷ്യമിട്ടത്.

എല്ലാ ദിവസത്തെയും പ്രാര്‍ത്ഥനകളിലും യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം അര്‍പ്പിച്ച ആഘോഷകരമായ കുര്‍ബാനകളിലും യുവജനങ്ങള്‍ അത്യുത്സാഹത്തോടെ പങ്കെടുത്തത് എടുത്തു പറയേണ്ട കാര്യമാണ്.

കായിക മത്സരങ്ങളും ഇന്‍ഡോര്‍ ഗെയിമുകളും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന ക്‌നാനായ നൈറ്റും യുവജനങ്ങള്‍ അവിസ്മരണീയമാക്കി. എട്ട് ഗ്രൂപ്പുകളിലായി നടന്ന സ്‌കിറ്റ്, ക്‌നാനായ തനിമയും സ്പിരിറ്റും വിളിച്ചോതുന്നവയായിരുന്നു. ഓരോ യൂണിറ്റുകളില്‍ നിന്നും യുവജനങ്ങള്‍ക്ക് പിന്തുണ നല്‍കാനെത്തിയ യൂണിറ്റ് ഡയറക്ടര്‍മാര്‍ ക്യാമ്പിന്റെ എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കി.

ക്യാമ്പിന്റെ സമാപന ദിവസം നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ യുകെകെസിഎയുടെ പ്രതിനിധിയായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ പങ്കെടുത്തു. യുവജനങ്ങളെ സഭാ സാമുദായിക ബോധത്തില്‍ വളര്‍ത്തുവാന്‍ ഉതകുന്ന ഇത്തരത്തിലുള്ള ക്യാമ്പുകള്‍ക്ക് മാതൃസംഘടനയായ യുകെകെസിഎയുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്ന് യുകെകെസിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ പറഞ്ഞു.

ഈ ക്യാമ്പില്‍ വച്ച് യുകെകെസിവൈഎല്‍ ആറാമത് ജന്മദിനം കേക്ക് മുറിച്ചു ആഘോഷിച്ചു. യുകെകെസിവൈഎല്‍ ന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് ശ്രീ. ജോണി മലേമുണ്ട ഒരുക്കിയ വീഡിയോ ആല്‍ബം പഴയ യുകെകെസിവൈഎല്‍ നേതൃത്വങ്ങളെ ഓര്‍മ്മിക്കുവാനും ഓര്‍മ്മകള്‍ പുതുക്കുവാനുമുള്ള അവസരമായി മാറി.

മത്സരയിനങ്ങളിലും ക്യാമ്പ് പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു കൊണ്ട് എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ടാണ് അതിഗംഭീരമായ ഏഴാമത് യുകെകെസിവൈഎല്‍ ക്യാമ്പ് അവസാനിച്ചത്.

അഭിമാനാര്‍ഹമായ പ്രേഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തില്‍ കേരളത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ ക്‌നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം പുതുതലമുറയിലേക്ക് ഒട്ടും ചോര്‍ന്നു പോകാതെ കൈമാറുകയെന്നതാണ് യുകെകെസിവൈഎല്ലിന്റെയും ഇത് പോലെയുള്ള ക്യാമ്പുകളുടെയും ലക്ഷ്യം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.