1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2012

സഖറിയ പുത്തന്‍കളം

യു കെ കെ സി എ കണ്‍വെന്‍ഷന് ഇനി പത്തുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഓരോ യൂണിറ്റുകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഇന്ത്യയില്‍നിന്നും കണ്‍വെന്‍ഷനില്‍ സംബന്ധിക്കാനെത്തുന്ന വിശിഷ്ടാതിഥികളായ മാര്‍ ജോസഫ് പണ്ടാരശേരി, പ്രൊഫ. ജോയി മുപ്രാപ്പള്ളി എന്നിവരുടെ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

കേരള പി എസ് സി അംഗം, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ഉഴവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, സെന്റ് സ്റ്റീഫന്‍സ് കോളജ് കോമേഴ്‌സ് വിഭാഗം മേധാവി എന്നി നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുകയും ഇപ്പോള്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റുമായ പ്രൊഫ. ജോയി മുപ്രാപ്പള്ളി 28ന് രാവില മുംബൈയില്‍നിന്നുള്ള ബ്രിട്ടീഷ് എയര്‍ വെയ്‌സില്‍ ലണ്ടന്‍ ഹീത്രൂവില്‍ എത്തിച്ചേരും. ഏഴുവര്‍ഷത്തോളം ക്‌നാനായ കത്തോലിക്ക അസോസിയേഷന്റെ പ്രസിഡന്റായിരുന്ന കുഞ്ഞമ്മ ജോണ്‍ വള്ളിത്തോട്ടം യു കെ യില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. ജോയിന്റ് സെക്രട്ടറി ബിനോയ് ഇടയാടി, കെ സി സി എല്‍ എ പ്രസിഡന്റ് ഡോ. ഫീന്‍സ് ആകശാല, ഡി കെ സി സി പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം എന്നിവര്‍ 26 മുതല്‍ യു കെയില്‍ എത്തിച്ചേരും.

വെയില്‍സിലെ പ്രഥമ യൂണിറ്റായ സ്വാന്‍സിയിലെ അംഗങ്ങള്‍ തനത് പരമ്പരാഗത വേഷവിധാനങ്ങളോടു കൂടിയായിരിക്കും റാലിയില്‍ അണിനിരക്കുക. അറുപതോളം വരുന്ന കുട്ടികളുടെ വ്യത്യസ്തതയാര്‍ന്ന വേഷവിധാനം പുതുമ പകരുന്നതായിരിക്കും. സ്ത്രീകള്‍ പരമ്പരാഗത കത്തോലിക്ക വേഷങ്ങള്‍ ധരിക്കുമ്പോള്‍ പുരുഷന്മാര്‍ തലക്കെട്ടോടു കൂടിയ യൂണിഫോമായിരിക്കും ധരിക്കുക. റാലിക്കുള്ള ഡ്രസ് റിഹേഴ്‌സല്‍ നടത്തിയാണ് സ്വാന്‍സി യൂണിറ്റ് എത്തുന്നത്. സ്വാന്‍സി യൂണിറ്റിനെ നയിക്കുന്നത് പ്രസിഡന്റ് ബിജു പി മാത്യു, സെക്രട്ടറി സിറിയക് പി ജോര്‍ജ്, ട്രഷറര്‍ പയസ് മാത്യു, വൈസ് പ്രസിഡന്റ് ബിജു തോമസ്, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ ഉലഹന്നാന്‍, നാഷണല്‍ കൗണ്‍സില്‍ അംഗം തങ്കച്ചന്‍ കനകാലയം എന്നിവരാണ്.

അട്ടിമറി വിജയത്തിനായി ശ്രമിക്കുന്ന ഗ്ലാസ്‌ഗോ യൂണിറ്റ് ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന ഉറച്ച വാശിയിലാണ്. പലതവണയായി യു കെ കെ സി എ കണ്‍വെന്‍ഷന് ആദ്യമെത്തുന്ന യൂണിറ്റ് എന്ന പെരുമയും ഗ്ലാസ്‌ഗോ യൂണിറ്റിനുണ്ട്. റാലിയില്‍ ഈവര്‍ഷം ഇംഗ്ലണ്ടില്‍ നിന്നും സ്‌കോട്ട്‌ലന്റിലേക്ക് ട്രോഫി കൊണ്ടുപോകുമെന്ന വാശിയില്‍ ‘തനിമ നമ്മുടെ പൈതൃകം, ഒരുമ നമ്മുടെ വരദാനം’ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി ഒരുക്കങ്ങള്‍ നടത്തുന്നതിനോടൊപ്പം മുഴുവന്‍ അംഗങ്ങളുടെയും പങ്കാളിത്തം ഗ്ലാസ്‌ഗോ യൂണിറ്റ് ഉറപ്പുവരുത്തുന്നുണ്ട്.

സാജു പുളിക്കകുഴിയില്‍, ടിജോ മാളവനാല്‍, ജോബി ഇഞ്ചനാട്ട്ില്‍, സാബു കരോട്ട്, ജോമി ബിനോയി, ബിന്ദു ജോയി എന്നിവരാണ് ഗ്ലാസ്‌ഗോ യൂണിറ്റിനെ നയിക്കുന്നത്.ജൂണ്‍ 30ന് വീറും വാശിയുമുള്ള യൂണിറ്റുകള്‍ തമ്മിലുള്ള മറ്റൊരു പ്രകടനത്തിന് മാല്‍വെണ്‍ ഹില്‍സ് വേദിയാകുമ്പോള്‍ പതിനൊന്നാമത് കണ്‍വെന്‍ഷന്‍ തങ്കലിപികളില്‍ ചാര്‍ത്തപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.