1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2016

സഖറിയ പുത്തന്‍കളം (ബര്‍മിങ്ങ്ഹാം): ക്രിസ്തുമസിനോടനുബന്ധിച്ച് ഒരു രാജ്യമെങ്ങും പുല്‍ക്കൂട് നിര്‍മ്മിച്ച് യേശുവിന്റെ ജനനതിരുനാള്‍ ഭക്തിസാന്ദ്രമായി ആചരിക്കുന്നു. ക്രിസ്തുമസ് ദിനത്തിന്റെ മഹത്വം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ആശയവുമായി യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്ന പുല്‍ക്കൂട് മത്സരത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹം.

പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്തുവിന്റെ ജനന തിരുനാളിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെ സാന്താക്ലോസിനു പ്രാധാന്യം നല്‍കുന്നതുവഴി യഥാര്‍ത്ഥ മൂല്യങ്ങള്‍ നഷ്ടപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് യു.കെ.യില്‍ എങ്ങും യു.കെ.കെ.സി.എ.യുടെ നേതൃത്വത്തില്‍ യൂണിറ്റ് തലത്തില്‍ പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായുള്ള യു.കെ.കെ.സി.എ.യുടെ അന്‍പത് യൂണിറ്റുകള്‍ പുല്‍ക്കൂട് നിര്‍മ്മിച്ച് ക്രൈസ്തവ വിശ്വാസ പ്രഘോഷണ വേദിയാകും.

യു.കെ.കെ.സി.എ. സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഉദിച്ച ആശയത്തിന് നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കുകയും വാര്‍ത്ത കേട്ടറിഞ്ഞ വിവിധ രാജ്യങ്ങളിലെ മതമേലധ്യക്ഷന്മാര്‍, വൈദികര്‍, അല്‍മായര്‍ എന്നിവര്‍ യു.കെ.കെ.സി.എ. ഭാരവാഹികളെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

പുല്‍ക്കൂട്കരോള്‍ സംഗീത മത്സരങ്ങള്‍ ഒന്നിച്ചാണ് നടത്തപ്പെടുന്നത്. കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് ഡിസംബര്‍ 24ലെ പിറവിത്തിരുനാള്‍ കുര്‍ബാന മുതല്‍ ദനഹാക്കാലത്തിന്റെ ആരംഭം വരെയാണ് കരോള്‍ സംഗീതം ആലപിക്കേണ്ടത്. സഭയുടെ പാരമ്പര്യം മാറാതെ പിടിച്ചുകൊണ്ട് ജനുവരി ഏഴിനാണ് കരോള്‍ സംഗീത മത്സരം യു.കെ.കെ.സി.എ. ആസ്ഥാന മന്ദിരത്തില്‍ നടത്തപ്പെടുക.

പുല്‍ക്കൂട് കരോള്‍ മത്സരത്തിന്റെ നിബന്ധനകള്‍ ഇമെയില്‍ മുഖാന്തിരം യൂണിറ്റ് ഭാരവാഹികളെ അറിയിക്കുന്നതായിരിക്കും.

യു.കെ.കെ.സി.എ. പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മാവച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍ക്കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.