1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2012


യുക്‌മയുടെ ദേശീയ കമ്മറ്റി തെരഞ്ഞെടുപ്പ് മുന്‍പ് നിശ്ചയിച്ചിട്ടുള്ളതുപോലെ ജൂലൈ എട്ടിന് തന്നെ നടത്താന്‍ തയ്യാറാവണമെന്ന് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പതിനാറംഗ ദേശീയ ഭരണസമിതിയിലെ പതിനൊന്ന് അംഗങ്ങള്‍ രേഖാമൂലം ആവശ്യമുന്നയിച്ചു. ഇത് ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്റ് കെ.പി വിജി യുക്‌മ നാഷണല്‍ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിയ്ക്കും മറ്റ് ദേശീയ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേശീയ കമ്മറ്റി അംഗങ്ങള്‍ക്കും കത്തുകള്‍ അയച്ചിട്ടുണ്ട്.

യുക്‌മയുടെ നിലവിലുള്ള ദേശീയ ഭരണ സമിതി കാലാവധി കഴിഞ്ഞും ഭരണത്തില്‍ തുടരുന്നതിന് ജനാധിപത്യ വിരുദ്ധമായ മാര്‍ഗ്ഗം സ്വീകരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു വരുന്നത് സംഘടനയുടെ സല്‍പ്പേരിന് പൊതുജനമധ്യത്തില്‍ കളങ്കം വരുത്തുന്നതും ഭരണ സമിതിയിലെ അംഗങ്ങള്‍ അധികാരത്തിനു വേണ്ടി അംഗ അസോസിയേഷനുകളെ വഞ്ചിക്കുന്നവരാണെന്ന തെറ്റായ സന്ദേശം പുറത്തു വരുന്നതിനും ഇടയാക്കും. ഇത് കഴിഞ്ഞ ഒരു വര്‍ഷം നിരവധി പ്രതിസന്ധികളെ നേരിട്ട്‌ യുക്‌മ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലകുറച്ച് കാണിക്കുന്നതിനും അവസരമൊരുക്കും. അതുകൊണ്ട് തന്നെ ഭരണസമിതിയുടെ കാലാവധി കഴിയുന്ന ജൂണ്‍/ജൂലൈ മാസത്തില്‍ തന്നെ ഭരണഘടനാ പ്രകാരം അടുത്ത ഭരണ സമിതി അധികാരമേറ്റെടുക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടത്തി അധികാര കൈമാറ്റം നടത്തേണ്ടതാണ്.

യുക്‌മ കലണ്ടര്‍ പ്രകാരം ദേശീയ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടെ ജൂലൈ എട്ടിന് തന്നെ അത് നടക്കുന്നതിനു വേണ്ടി, തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഉടന്‍ നടത്തണം. ദേശീയ കമ്മറ്റി തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എക്‌സിക്യൂട്ടീവ് കമ്മറ്റി, ഇത് പ്രത്യേകമായി അജണ്ടയില്‍ ഉള്‍പ്പെടുത്തി വിളിച്ചു ചേര്‍ക്കണമെന്ന് കഴിഞ്ഞ രണ്ട് മാസമായി ദേശീയ പ്രസിഡന്റ് വര്‍ഗീസ് ജോണിനോടും ജനറല്‍ സെക്രട്ടറി അബ്രാഹം ലൂക്കോസിനോടും വാക്കാല്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാളിതുവരെയും ഇതിനു വേണ്ടിയുള്ള യാതൊരു ശ്രമവും നടന്നിട്ടില്ല. യുക്‌മ ദേശീയ കമ്മറ്റിയില്‍ അംഗങ്ങളായവര്‍ അധികാരത്തിനായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയരുമ്പോള്‍ അതിനെ ഫലപ്രദമായി നേരിടുന്നതിന് തെരഞ്ഞെടുപ്പ് യഥാസമയം തന്നെ നടത്തേണ്ടതായുണ്ട്. അതുകൊണ്ടാണ് പതിനാറംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പതിനൊന്ന് അംഗങ്ങള്‍ ഒപ്പിട്ട് തെരഞ്ഞെടുപ്പ് ജൂലൈ എട്ടിന് തന്നെ നടത്തണമെന്ന ആവശ്യം പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിയ്ക്കും നല്‍കിയിരിക്കുന്നതും അത് മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നതും.

യുക്‌മയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പതിനൊന്ന് പേര്‍ തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത് താഴെ പറയുന്നവരാണ്.

വിജി.കെ.പി (വൈസ് പ്രസിഡന്റ്), ബീന സെന്‍സ് (വൈസ് പ്രസിഡന്റ്), അലക്സ് വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), അബ്രാഹം ജോര്‍ജ്, ജോബി.പി.കെ, ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, അനില്‍ ജോസ്, ടോമി കുര്യന്‍, ബിന്‍സു ജോണ്‍, ബാല സജീവ് കുമാര്‍, ജിനു വര്‍ഗീസ് (എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍).

യുക്‌മ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വരുന്ന അംഗങ്ങള്‍ ഒപ്പിട്ട് ആവശ്യപ്പെട്ടിരിക്കുന്ന ഈ വിഷയം അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും കൈകാര്യം ചെയ്യുമെന്നും അതനുസരിച്ച് തെരഞ്ഞെടുപ്പ് ആദ്യം പ്രഖ്യാപിക്കുകയും അതിനു ശേഷം അടിയന്തര എക്‌സിക്യൂട്ടീവ് കമ്മറ്റി വിളിച്ച് ചേര്‍ത്ത് തെരഞ്ഞെടുപ്പ് നടത്തിപ്പിനെ പറ്റി ആലോചിക്കുകയും ചെയ്യേണ്ടതാണ്. എക്‌സിക്യൂട്ടീവ് കമ്മറ്റി വിളിച്ചു ചേര്‍ത്തതിനു ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ആദ്യം തെരഞ്ഞെടുപ്പിന്റെ നോട്ടിഫിക്കേഷന്‍ നടത്തണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനോടകം തന്നെ റീജിയണുകളില്‍ തെരഞ്ഞെടുപ്പ് പക്രിയ ആരംഭിച്ച് കഴിഞ്ഞതിനാല്‍ ദേശീയ തെരഞ്ഞെടുപ്പിന് മുന്‍പായി തന്നെ അവയും പൂര്‍ത്തീകരിക്കാവുന്നതാണ്.

ജൂലൈ മാസം ആദ്യ വാരം തന്നെ തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യകത യു.കെയിലെ മലയാളികള്‍ക്ക് അറിവുള്ള കാര്യമാണല്ലോ. ജൂലൈ മൂന്നാം വാരം തുടങ്ങുന്ന സ്ക്കൂള്‍ വെക്കേഷന്‍ പ്രമാണിച്ച് പലരും നാട്ടില്‍ പോകുന്നതും സെപ്തംബര്‍ രണ്ടാം വാരത്തോട് കൂടി മാത്രമേ വെക്കേഷന്‍ അവസാനിക്കുകയുള്ളൂ. ഇതിനിടയിലുള്ള സമയം യുക്‌മയുടെ അംഗങ്ങളായുള്ള അസോസിയേഷനില്‍ നിന്നുള്ള പല പ്രതിനിധികളും നാട്ടില്‍ പോകുന്നതിനാല്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് നിരവധി ആളുകള്‍ക്ക് അസൗകര്യം സൃഷ്ടിക്കും. അതുകൊണ്ട് ജൂലൈ എട്ടിന് തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം ഉണ്ടാകണമെന്ന് ദേശീയ പ്രസിഡന്റ് വര്‍ഗീസ് ജോണിനോടും ജനറല്‍ സെക്രട്ടറി അബ്രാഹം ലൂക്കോസിനോടും ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.