1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2020

സ്വന്തം ലേഖകൻ: യുക്രെയ്ൻ വിമാനത്തിൽ നിന്ന് സഹായത്തിനായുള്ള പൈലറ്റിന്റെ അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് ഇറാൻ. തീപിടിച്ചപ്പോൾ വിമാനത്താവളത്തിലേക്കു തിരികെപ്പോകാൻ പൈലറ്റ് ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, മിസൈൽ ഏറ്റാകാം വിമാനം തകർന്നതെന്ന വാദവുമായി യുക്രെയ്ൻ രംഗത്തെത്തി. ആരോപണം ഇറാൻ തള്ളി.

ബുധനാഴ്ച രാവിലെ 6.12 നു ടെഹ്റാനിൽ നിന്ന് പറന്നുയർന്നു മിനിറ്റുകൾക്കകമാണു ബോയിങ് 737 വിമാനം തീപിടിച്ചു തകർന്ന് 176 പേർ കൊല്ലപ്പെട്ടത്. ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്കുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു ദുരന്തം. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ഇറാൻ വ്യോമയാന അധികൃതർ ആദ്യം പറഞ്ഞത് യുക്രെയ്നും ശരിവച്ചിരുന്നു.

പറന്നുയർന്ന് 8000 അടി ഉയരത്തിലെത്തിയപ്പോൾ 6.18 ന് വിമാനം പെട്ടെന്നു തീഗോളമായെന്നു സമീപത്തുകൂടി പറന്നിരുന്ന മറ്റൊരു വിമാനത്തിന്റെ പൈലറ്റ് മൊഴി നൽകി. ടെഹ്റാനിൽ നിന്ന് 35 കിലോമീറ്റർ ദൂരെ പാടത്തു വീണു വീണ വിമാനം വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിന്റെ യഥാർഥ കാരണം വെളിപ്പെടാൻ സഹായിക്കുമെന്നു കരുതുന്ന ബ്ലാക് ബോക്സുകൾ വീണ്ടെടുത്തെങ്കിലും അവയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചെന്നാണു റിപ്പോർട്ട്.

യുക്രെയ്‌ൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി ഒലെക്സി ഡാനിലോവാണു മിസൈലാക്രമണം അടക്കമുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടിയത്. ‘തോർ’ മിസൈൽ സിസ്റ്റത്തിൽ നിന്നുള്ള ആക്രമണമുണ്ടായെന്നാണു യുക്രെയ്ൻ സംശയിക്കുന്നത്. വിമാനം വീണ പ്രദേശത്ത് ഈ മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇന്റർനെറ്റിലാണ് ഇങ്ങനെ കണ്ടതെന്ന് ഡാനിലോവ് സൂചിപ്പിച്ചെങ്കിലും നെറ്റിൽ എവിടെനിന്നാണു വിവരമെന്നു വ്യക്തമാക്കിയില്ല. സ്ഥല പരിശോധിക്ക് യുക്രെയ്ൻ വിദഗ്ധർ ഇന്നലെ ടെഹ്റാനിലെത്തിയിട്ടുണ്ട്.

അതേസമയം, മിസൈലാക്രമണ വാദം വിദേശശക്തികളുടെ മാനസികയുദ്ധത്തിന്റെ ഭാഗമാണെന്ന് ഇറാൻ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.