1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2020

സ്വന്തം ലേഖകൻ: ഇറാൻ മിസൈൽ അബദ്ധത്തിൽ പതിച്ചാണ് യുക്രെയിൻ വിമാനം തകര്‍ന്നതെന്ന ആരോപണത്തിന് ശക്തി പകർന്ന് അമേരിക്കക്കു പിന്നാലെ കൂടുതൽ രാജ്യങ്ങൾ രംഗത്ത്. എന്നാൽ ആരോപണം ഇറാൻ തള്ളി. മനശാസ്ത്ര യുദ്ധതന്ത്രം മാത്രമാണിതെന്നും അന്വേഷണത്തിന് ആരുടെ സഹായവും സ്വീകരിക്കുമെന്നും ഇറാൻ അറിയിച്ചു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുകിട്ടാനും വിവിധ രാജ്യങ്ങൾ നടപടി സ്വീകരിച്ചു.

യുദ്ധസാഹചര്യം നിലനിൽക്കെ, വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നായിരുന്നു അമേരിക്കയുടെ ആദ്യ കുറ്റപ്പെടുത്തൽ. തുടർന്നാണ് ഇറാൻ വ്യോമസേന അവിചാരിതമായി വിമാനം വെടിവെച്ചിടുകയായിരുന്നുവെന്ന ആരോപണവുമായി ട്രംപ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നത്. വിമാനം തകർന്നുവീഴുന്നതിന് മുമ്പായി രണ്ട് മിസൈലുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടതിന്‍റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ആരോപണത്തിന് ശക്തിയേറി.

വിമാനം ഇറാൻ വെടിവെച്ചിട്ടതാണെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ബ്രിട്ടൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളും ആരോപണം ഏറ്റെടുത്തു. ഇറാനിലേക്കുള്ള എല്ലാ യാത്രയും മാറ്റിവെക്കാൻ ബ്രിട്ടൻ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.

സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്ന് ഉക്രയിൻ ആവശ്യപ്പെട്ടു. മിസൈൽ ആക്രമണം, ഡ്രോൺ ആക്രമണം, തീവ്രവാദ ആക്രമണം, സാങ്കേതിക തകരാർ എന്നിവയാണ് യുക്രെയ്ൻ പ്രധാനമായും അന്വേഷിക്കുന്നത്. ആരോപണം നിഷേധിച്ച ഇറാൻ, അന്വേഷണത്തിന് അമേരിക്കൻ ഏജൻസിക്കും പങ്കാളിത്തം വഹിക്കാമെന്ന് വ്യക്തമാക്കി.

എന്നാൽ ഉപരോധം കാരണം ഇറാനുമായി സഹകരിക്കാൻ അമേരിക്കക്ക് കഴിയില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹ പരിശോധനയിലൂടെ സത്യം വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകം. ഇറാൻ, കാനഡ, യുക്രെയ്ൻ, സ്വീഡൻ, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടവർ. ബ്ലാക് ബോക്സ് കണ്ടെത്തിയെങ്കിലും വിവരങ്ങൾ പരിശോധിക്കാൻ പുറമെ നിന്നുള്ള വിദഗ്ധരുടെ സഹായം ആവശ്യമാണെന്ന് ഇറാൻ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.