1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2018

സ്വന്തം ലേഖകന്‍: ഗാസയില്‍ ഇസ്രയേല്‍ പലസ്തീനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ.. 120 രാജ്യങ്ങളുടെ പിന്തുണയോടെ ബുധനാഴ്ചയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ സിവിലിയന്‍മാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് കാരണം ഹമാസിന്റെ നിലപാടാണെന്ന യു.എസ് വാദത്തെ സഭ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

തുര്‍ക്കിയും അല്‍ജീരിയയുമാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ എട്ടു രാജ്യങ്ങള്‍ എതിരായി വോട്ടു രേഖപ്പെടുത്തി. 45 രാജ്യങ്ങള്‍ വിട്ടുനിന്നു. ഞങ്ങളുടെ രാജ്യത്തെ പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് യു.എന്നിലെ പലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ വോട്ടെടുപ്പിനുമുമ്പ് സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രമേയം ഏകപക്ഷീയമാണെന്നും ചില അറബ് രാജ്യങ്ങള്‍ ആഭ്യന്തര നേട്ടങ്ങള്‍ക്കായി യു.എന്നില്‍ ഇസ്രായേലിനെതിരെ നീങ്ങുകയാണെന്നും യു.എസ് അംബാസഡര്‍ നിക്കി ഹാലി ആരോപിച്ചു.

ഓസ്‌ട്രേലിയയും പ്രമേയത്തെ എതിര്‍ത്തു. യു.എന്‍ രക്ഷാസമിതിയില്‍ സമാനമായ പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു. പലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കിയ ‘നക്ബ’ സംഭവത്തിന്റെ 70 മത് വാര്‍ഷികത്തോടനുബന്ധിച്ച് ഗാസ അതിര്‍ത്തിയില്‍ കഴിഞ്ഞ മാര്‍ച്ച് 30 ന് ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. വിവിധ സംഭവങ്ങളിലായി ഇതിനകം 129 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.