1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2017

സ്വന്തം ലേഖകന്‍: കേന്ദ്ര ബജറ്റ് ഇന്ന്, ആശങ്കയോടെ വിപണി, റയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജയ്, പ്രതീക്ഷയോടെ സംസ്ഥാനങ്ങള്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് രാവിലെ 11ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. റെയില്‍ ബജറ്റുള്‍പ്പെടുത്തിയുള്ള സമ്പൂര്‍ണ ബജറ്റാണിത്. സഭയില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടത്താന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യമായാണ് കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത്. മുന്‍പ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത് വൈകിട്ട് അഞ്ചിനാണ് അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ബജറ്റ് അവതരണ സമയം രാവിലത്തേക്ക് മാറ്റിയത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയതും വാജ്‌പേയി ഭരണകാലത്താണ്.

മറ്റൊരു പുതിയ പാരമ്പര്യത്തിനും ഇത്തവണ മുതല്‍ തുടക്കമാകുന്നു. ബജറ്റ് ഒരു മാസം നേരത്തെ അവതരിപ്പിക്കുന്നു, റെയില്‍ ബജറ്റ് കേന്ദ്ര ബജറ്റിന്റെ ഭാഗമായി മാറുന്നു. വിശാലമായ പൊതുജന താത്പര്യം കണക്കിലെടുത്ത് പാര്‍ലമെന്റില്‍ ആരോഗ്യകരമായ വാദപ്രതിവാദങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടക്കമാകുക. നോട്ട് നിരോധനവും പണഞെരുക്കവും സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പിന്റെയും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെയും സാഹചര്യത്തിലാണ് ബജറ്റ്. ജി.ഡി.പി നിരക്ക് ഗണ്യമായി കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.

സാമ്പത്തിക രംഗത്തിന് ഉണര്‍വേകാന്‍ ബജറ്റില്‍ ധനമന്ത്രി എന്തൊക്കെ പ്രഖ്യാപനങ്ങളാണ് നടത്താന്‍പോകുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിനിടെ, ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതിയും എതിര്‍പ്പുകള്‍ തള്ളി. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുംവിധം അവിടങ്ങളിലേക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പാടില്‌ളെന്ന് കമീഷന്‍ കേന്ദ്ര സര്‍ക്കാറിനെ വിലക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.