1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2018

സ്വന്തം ലേഖകന്‍: വര്‍ഗീയ പ്രസംഗങ്ങള്‍ തിരിച്ചടിച്ചു; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍. യോഗി ആതിഥ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് കാലിടറി എന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. അതില്‍ 63 ല്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്‍തൂക്കമുള്ളത്. ഛത്തീസ്ഗഢില്‍ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാനായത്. 2013 ല്‍ 16 സീറ്റുകളാണ് ബി.ജെ.പി ഇവിടെ നേടിയത്.

മധ്യപ്രദേശില്‍ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളില്‍ അഞ്ച് എണ്ണത്തിലും രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളില്‍ 13 ഇടത്തു മാത്രമാണ് ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും വര്‍ഗീയ പരാമര്‍ശങ്ങളും ബി.ജെ.പിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പലയിടങ്ങളിലും ബി.ജെ.പി മുതിര്‍ന്ന അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പാര്‍ട്ടി വിടുന്ന സംഭവങ്ങളുമുണ്ടായിരുന്നു. ദളിത് വോട്ടുകള്‍ പ്രീണിപ്പിക്കാന്‍ നടത്തിയ പരമാര്‍ശങ്ങളും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. അടുത്ത കാലത്തായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം മോദിക്ക് പകരമായി പ്രചരണ ചുമതല യോഗി ആദിത്യനാഥായിരുന്നു പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത്. ബി.ജെ.പിയുടെ തന്നെ കണക്കുകള്‍ പ്രകാരം ഏകദേശം 75 ഓളം തിരഞ്ഞെടുപ്പ് റാലികളിലാണ് യോഗി പങ്കെടുത്തത്. മോദി പങ്കെടുത്തത് 31 റാലികളിലും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.