1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2017

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായി, നെയ്യും പാലുമൊഴുകുന്ന പ്രകടന പത്രികയുമായി അഖിലേഷ് യാദവ്. 298 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് 105 സീറ്റുകള്‍ ലഭിച്ചു. ഇരു പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തം പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വം സംരക്ഷിക്കുന്നതിനും അഖിലേഷ് യാദവിന്റെ കീഴില്‍ പോരാടുമെന്ന് നരേഷ് ഉത്തം പറഞ്ഞു. അഖിലേഷ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നതോടെ ഇന്ത്യയുടെ മതേതരത്വം കൂടുതല്‍ ശക്തമാകുമെന്നും ഉത്തം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയെയും ബി.എസ്.പിയെയും വേരോടെ പിഴുതെറിയുകയാണ് ലക്ഷ്യമെന്നും ഉത്തം കൂട്ടിച്ചേര്‍ത്തു.

സീറ്റ് ധാരണ സംബന്ധിച്ച് സമാജ്‌വാദി പാര്‍ട്ടിയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് അംഗീകരിച്ചതായി യു.പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബര്‍ പറഞ്ഞു. ബി.ജെ.പിയുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയത്തിനെതിരെയും മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് സഖ്യം രൂപീകരിച്ചതെന്നും ബബ്ബര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടന പത്രിക അഖിലേഷ് യാദവ് പുറത്തുവിട്ടു. സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം സൗജന്യമായി ഒരു ലിറ്റര്‍ നെയ്യും പാല്‍പ്പൊടിയും നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ അസാന്നിധ്യത്തിലാണ് വന്‍കിട വാഗ്ദാനങ്ങള്‍ അടങ്ങുന്ന പത്രിക അഖിലേഷ് പുറത്തിറക്കിയത്.

ഒന്നര ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സൗജന്യ ചികിത്സ, വൃദ്ധര്‍ക്ക് വൃദ്ധമന്ദിരങ്ങള്‍, സ്ത്രീകള്‍ക്ക് 50% സബ്‌സിഡി നിരക്കില്‍ ബസ് യാത്ര, സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരണം, പാവപ്പെട്ടവര്‍ക്ക് സൗജന്യ അരിയും ഗോതമ്പും, സ്ത്രീകള്‍ക്ക് പ്രഷര്‍ കുക്കര്‍, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, കര്‍ഷകര്‍ക്കായി ‘കിഷന്‍ കോശ്’ എന്ന പേരില്‍ ട്രഷറി രൂപീകരിക്കും, സംസ്ഥാനത്തെ മെട്രോ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കും, അടുത്ത ബജറ്റ് മെട്രോ ട്രെയിനുള്ളില്‍ നിന്നായിരിക്കും അവതരിപ്പിക്കുക എന്നും അഖിലേഷ് വ്യക്തമാക്കി.

ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി സൗകര്യം, ഒരു കോടി സ്ത്രീകര്‍ക്ക് മാസം 1,000 രൂപ പെന്‍ഷന്‍, അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ എയര്‍ ആംബുലന്‍സ് ലഖ്‌നൗ വിമാനത്താവളത്തില്‍ ലഭ്യമാക്കും. 108, 102 സര്‍വീസുകള്‍ മെച്ചപ്പെടുത്തും, ജോലിക്കാരായ സ്ത്രീകള്‍ക്ക് ഹോസ്റ്റലുകള്‍ സ്ഥാപിക്കും, സ്ത്രീകളുടെ ശാക്തീകരണത്തിന് നിരവധി പദ്ധതികള്‍ കൊണ്ടുവരുമെന്നും പ്രകടന പത്രിക പറയുന്നു.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനേയും മുന്‍ ബി.എസ്.പി സര്‍ക്കാരിനെ വിമര്‍ശിക്കാനും അഖിലേഷ് മറന്നില്ല. അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ലഖ്‌നൗവിലും നോയിഡയിലും ആനകളുടെ പ്രതിമകള്‍ സ്ഥാപിച്ചു. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ‘മാമത്തുകള്‍’ വീണ്ടും വരും. 2012ല്‍ അധികാരത്തിലെത്തിയാല്‍ എല്ലാ സ്ത്രീകള്‍ക്കും ഓരോ സാരി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സാരി അവരുടെ ഇഷ്ടത്തിനനുസരിച്ച് വാങ്ങാന്‍ 500 രൂപ വീതം നല്‍കുകയുണ്ടായി എന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.

‘നല്ല ദിനങ്ങള്‍’ വരുമെന്ന് മൂന്നുവര്‍ഷം മുന്‍പ് വാഗ്ദാനം നമ്മുക്ക് വാഗ്ദാനം ലഭിച്ചു. സ്വച്ഛ ഭാരതിന്റെ പേരില്‍ നാം കയ്യില്‍ ചൂലെടുത്തു. സൗജന്യമായി യോഗയും പഠിച്ചു. എന്നാല്‍ വാഗ്ദാനം ചെയ്ത ‘നല്ല ദിനങ്ങള്‍’ മാത്രം ലഭിച്ചില്ല. എന്താണ് നല്ല ദിനത്തിന്റെ അര്‍ത്ഥം. സ്വപ്നങ്ങള്‍ വില്‍ക്കുന്ന കക്ഷികള്‍ അവര്‍ ചില സമുദായങ്ങളുടെ ആളുകളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആരാണ് യഥാര്‍ത്ഥ അഭ്യൂയദാംകാക്ഷിയെന്ന് ഉത്തര്‍പ്രദേശ് ജനതയ്ക്ക് അറിയാമെന്നും അഖിലേഷ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.