1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2016

സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണം, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തം, പാകിതാനില്‍ വന്‍ യുദ്ധ സന്നാഹം. പാക് വ്യോമസേനയുടെ വിമാനങ്ങള്‍ വടക്കന്‍ മേഖലയില്‍ ശക്തമായ പരിശോധന തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ അധിനിവേശ കശ്മീര്‍ അടക്കമുള്ള മേഖലയിലാണ് വ്യോമസേന പരിശോധന നടക്കുന്നതെന്ന് ഇസ്ലാമാബാദില്‍ നിന്നുള്ള മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ, പാകിസ്താനിലെ ഓഹരി വിപണി തകര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു.

പാകിസ്താന്‍ അധിനീവേശ കശ്മീര്‍, ഗില്‍ഗിത്ത്, ബാല്‍ട്ടിസ്താന്‍, ഛിത്രാല്‍ എന്നിവിടങ്ങളിലെ വ്യോമപാത പാകിസ്താന്‍ അടച്ചു. എംവണ്‍, എംടു ദേശീയപാതകളും അടച്ചിട്ടുണ്ട്. പാക് വ്യോമസേന വിമാനങ്ങള്‍ ഹൈവേകളില്‍ അടിയന്തിരമായി ഇറക്കുകയും ഉയര്‍ന്നുപൊങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. പെഷാവറിനെയും റാവല്‍പിണ്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് എംവണ്‍. ഇസ്ലാമാബാദിനും ലഹോറിനും ഇടയിലുള്ളതാണ് എംടു പാത.

അതേസമയം, മാധ്യമവാര്‍ത്തകളെ പാക് സൈന്യം നിഷേധിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഭീഷണി ഉയരുന്ന സാഹചര്യത്തിലുള്ള പതിവ് പരിശോധന മാത്രമാണിതെന്നാണ് അവരുടെ ഭാഷ്യം. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വരുംനാളുകളില്‍ ഉണ്ടാകുമെന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താനില്‍ അസാധാരണമായി എന്തോ നടക്കുന്നുവെന്ന സൂചന കറാച്ചി ഓഹരി വിപണിയിലും പ്രകടമായി. കെ.എസ്.ഇ100 ബെഞ്ച്മാര്‍ക്ക് സൂചിക 569 പോയിന്റ് താഴ്ന്ന് 39,711 പോയിന്റില്‍ അവസാനിപ്പിച്ചു. ബാങ്ക്, കമ്പനികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവയുടെ മൂല്യത്തില്‍ വലിയ ഇടിവ് വന്നിട്ടില്ല.

ഒപ്പം, ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരിലെ തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ചതായും ഇരുപതോളം തീവ്രവാദികളെ വധിച്ചതായും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. എലൈറ്റ് 2 പരാസിന്റെ രണ്ട് യൂണിറ്റുകളാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ ഇരുനൂറോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സൈന്യം ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.