1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2018

സ്വന്തം ലേഖകന്‍: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി; ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്ന് രഘുറാം രാജന്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ഊര്‍ജിത് പട്ടേലിന്റെ രാജി.

കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിടെയാണ്. ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ്. ഇത് പ്രയോഗിച്ച് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ബാങ്ക് തലപ്പത്ത് കടുത്ത ഭിന്നതകളുയര്‍ന്നിരുന്നു. മുന്‍കാലങ്ങളിലൊരു സര്‍ക്കാരും ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിച്ചിട്ടില്ല.

ബാങ്കുകളുടെ കിട്ടാക്കടവും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും റിസര്‍വ് ബാങ്കിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെയും ആര്‍ബിഐയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ബാങ്കുകളുടെ മൂലധനമുയര്‍ത്തുന്ന കാര്യത്തിലും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതും ആര്‍ബിഐ തലപ്പത്ത് അലോസരമുണ്ടാക്കി.

ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കി. ‘ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ രാജി അദ്ദേഹത്തിന്റെ പ്രതിഷേധമായാണ് കാണേണ്ടത്. നിലവിലെ നയങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന തുറന്നു പറച്ചിലാണത്,’ എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.