1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2019

സ്വന്തം ലേഖകന്‍: ‘കാലുകള്‍ ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിച്ചില്ലേ?’ ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീയെ അപമാനിച്ച് ജഡ്ജി; മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ വിചാരണ; കണ്ണില്ലാത്ത നിയമത്തിന്റ് കഥ അമേരിക്കയില്‍ നിന്നും. ന്യൂജേഴ്‌സിയിലെ ഓഷ്യന്‍ കൗണ്ടിയിലുള്ള ഒരു കുടുംബക്കോടതി ജഡ്ജിയില്‍നിന്നാണ് ഇത്തരം ചോദ്യങ്ങളുണ്ടായത്.

സംഭവമുണ്ടാകുന്നതു മൂന്നുവര്‍ഷം മുമ്പാണെങ്കിലും ഇപ്പോഴാണ് ജഡ്ജിക്കെതിരായ നടപടിപോലും ശുപാര്‍ശ ചെയ്യപ്പെടുന്നത്. ജഡ്ജി ജോണ്‍ റൂസ്സോ ജൂനിയറിനെ ശമ്പളമില്ലാതെ മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ കോടതി ഉപദേശകസമിതിയാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജുഡീഷ്യറിയുടെ അന്തസ്സിനു കളങ്കം വരുന്ന രീതിയില്‍ ഈ ജഡ്ജി കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ പ്രവര്‍ത്തിച്ചതെന്നു സമിതി കണ്ടെത്തി.

2016ല്‍ തന്റെ അഞ്ചുവയസ്സുള്ള കുട്ടിയുടെ പിതാവ് ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്‌തെന്നാണു യുവതി പരാതി നല്‍കിയത്. ഈ കേസില്‍ വാദം കേള്‍ക്കവെയായിരുന്നു ജഡ്ജി തുടര്‍ച്ചയായി ഇത്തരം ചോദ്യങ്ങളുന്നയിച്ചത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് ഒരു വ്യക്തിയെ എങ്ങനെ തടയാമെന്ന് അറിയില്ലേ എന്നായിരുന്നു ആദ്യചോദ്യം. ശാരീരികമായി അയാള്‍ ഉപദ്രവിച്ചെന്നും തടയാന്‍ കഴിഞ്ഞില്ലെന്നും യുവതി മറുപടി പറഞ്ഞു. ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്നായി അടുത്ത ചോദ്യം. ശരീരം കൊണ്ടു തടയാമായിരുന്നില്ലേ, കാലുകള്‍ ചേര്‍ത്തുവെയ്ക്കാമായിരുന്നില്ലേ, പോലീസിനെ വിളിക്കാമായിരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളും ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായി.

ഇതേ കേസില്‍ ഭര്‍ത്താവില്‍നിന്നു ലഭിക്കേണ്ട ജീവനാംശം പതിനായിരം ഡോളറില്‍നിന്ന് 300 ഡോളറാക്കി ഇതേ ജഡ്ജി തന്നെ കുറച്ചിരുന്നു. മറ്റൊരു ജഡ്ജിയുടെ ഉത്തരവ് തിരുത്തിയായിരുന്നു ഇത്. ഇനി ഇത്തരം ചോദ്യങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നു സമിതി മുന്‍പാകെ ജഡ്ജി പറഞ്ഞെങ്കിലും പലയിടത്തും വെച്ച് ഇയാള്‍ സമാനമായ സംഭാഷണം പിന്നീടും നടത്തിയെന്നു സമിതി കണ്ടെത്തുകയായിരുന്നു.

മൂന്നുമാസം സസ്‌പെന്‍ഷനാണ് ഒമ്പതംഗ സമിതിയിലെ അഞ്ചുപേര്‍ ആവശ്യപ്പെട്ടതെങ്കില്‍ ബാക്കി നാലുപേര്‍ അത് ആറുമാസമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ജൂലായില്‍ സമിതി വീണ്ടും വാദം കേള്‍ക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ നടപടികള്‍ വീണ്ടും വൈകും. 2017 മുതല്‍ ജഡ്ജി അവധിയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.