1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2019

സ്വന്തം ലേഖകൻ: ലോകമെമ്പാടും വൈറലായിത്തീര്‍ന്ന ഐസ് ബക്കറ്റ് ചലഞ്ചിന് പ്രചോദനമായിത്തീര്‍ന്ന പീറ്റര്‍ ഫ്രേറ്റ്‌സ് അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്(എഎല്‍എസ്) ബാധിതനായിരുന്ന പീറ്ററിന് 34 വയസായിരുന്നു പ്രായം. എഎല്‍എസ് അഥവാ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന മാരകരോഗത്തെ കുറിച്ച് ലോകജനതയ്ക്കിടയില്‍ അവബോധം സൃഷ്ടിക്കാനിടയായതിന് പിന്നില്‍ പീറ്ററായിരുന്നു.

2012 ലാണ് പീറ്ററിന് എഎല്‍എസ് രോഗം സ്ഥിരീകരിച്ചത്. എഎല്‍എസിന് ഇതു വരെ ചികിത്സ കണ്ടെത്തിയിട്ടില്ല. തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിച്ച് ശരീരത്തെ തളര്‍ച്ചയിലേക്ക് നയിക്കുന്ന രോഗമാണ് എഎല്‍എസ്. പ്രധാനമായും പേശികളെയാണ് എഎല്‍എസ് തളര്‍ത്തുന്നത്. പീറ്റര്‍ തന്റെ രോഗാവസ്ഥയെ കുറിച്ച് ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല. പകരം ഇതേ രോഗബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രതീക്ഷ പകരാന്‍ തന്റെ ജീവിതകാലം ഉപയോഗിച്ചു.

തന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് സ്‌കൂളിലെ സ്റ്റാര്‍ അത്‌ലറ്റായിരുന്ന പീറ്റര്‍ ബോസ്റ്റണ്‍ കോളേജിലെ പഠനകാലത്ത് ബേസ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പീറ്റര്‍ 2014 ല്‍ എഎല്‍എസിനെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ടു. ഈ രോഗം ബാധിച്ചവരില്‍ പ്രത്യാശ ഉളവാക്കുന്നതിനും എഎല്‍എസിനെതിരെ പ്രതിരോധമരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായിരുന്നു പീറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍.

ഇതിന് സഹായമാകുന്നതിനാണ് എഎല്‍എസ് അസോസിയേഷന്‍ ഐസ് ബക്കറ്റ് ചലഞ്ചിന് രൂപം കൊടുത്തത്. ഐസ് കട്ട നിറച്ച ഒരു ബക്കറ്റ് വെള്ളം തലയിലൂടെ ഒഴിക്കുക എന്നതായിരുന്നു ചലഞ്ച്. ചലഞ്ച് ഏറ്റെടുക്കുന്ന ആള്‍ മറ്റ് മൂന്ന് പേരെ വെല്ലുവിളി വിളിക്കണം. ഒന്നുകില്‍ വെല്ലുവിളി ഏറ്റെടുക്കണം അല്ലെങ്കില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഫണ്ടിലേക്ക് 100 ഡോളര്‍ സംഭാവന ചെയ്യുക, ഇത് രണ്ടും കൂടി ചെയ്യുക എന്നതായിരുന്നു ചലഞ്ച്.

200 മില്യണ്‍ ഡോളറിലധികം(1475 കോടിയിലധികം രൂപ) തുക എഎല്‍എസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ ഐസ് ബക്കറ്റ് ചലഞ്ചിലൂടെ  ലഭിച്ചു കഴിഞ്ഞു. ലോകപ്രമുഖര്‍ ഈ ചലഞ്ചില്‍ പങ്കെടുത്തത് ഈ ചലഞ്ചിനെ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രചാരണം നല്‍കാന്‍ സഹായകമായി. ടോം ക്രൂസ്, സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ബില്‍ഗേറ്റ്‌സ്, ജോര്‍ജ് ബുഷ്  തുടങ്ങിയവരും ഇതില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.