1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2018

സ്വന്തം ലേഖകന്‍: ആദ്യ ദിവസം ജോലി സ്ഥലത്തേക്കുള്ള യാത്ര വൈകി. അമേരിക്കന്‍ യുവാവ് നടന്നത് 32 കിമീ; സമൂഹ മാധ്യമങ്ങളില്‍ താരമായതു കൂടാതെ കമ്പനി വക കിടിലന്‍ സമ്മാനവും. അമേരിക്കയിലെ വാള്‍ട്ടര്‍ കാര്‍ എന്ന ഇരുപതുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജോലിക്ക് കയറിയ ആദ്യദിവസം തന്നെ ജോലിസ്ഥലത്തേക്കുള്ള യാത്ര തടസപ്പെട്ടപ്പോള്‍ 32 കിലോമീറ്റര്‍ നടന്നെത്തിയത്.

അലബാമയിലെ കോളേജ് വിദ്യാര്‍ത്ഥിയായ വാള്‍ട്ടര്‍ കാറിന് പെല്‍ഹാമിലെ ബെല്‍ഹോപ്‌സ് മൂവേഴ്‌സ് എന്ന കമ്പനിയിലാണ് ജോലി ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ പെല്‍ഹാമിലെ ഒരു വീട്ടിലായിരുന്നു വാള്‍ട്ടറിന്റെ ആദ്യജോലി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വാള്‍ട്ടര്‍ തന്റെ 2003 മോഡല്‍ നിസാന്‍ അള്‍ട്ടിമ കാറില്‍ പെല്‍ഹാമിലേക്ക് യാത്രതിരിച്ചു. ഈ യാത്രയ്ക്കിടെ കാര്‍ ബ്രേക്ക്ഡൗണായതോടെയാണ് കാര്യങ്ങള്‍ മലക്കം മറിഞ്ഞത്.

സഹായത്തിനായി കൂട്ടുകാരെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. ഇതോടെയാണ് ജിപിഎസ് സഹായത്തോടെ കാല്‍നടയായി യാത്രതുടരാന്‍ വാള്‍ട്ടര്‍ തീരുമാനിച്ചത്. ലക്ഷ്യസ്ഥാനത്തെത്താന്‍ കാല്‍നടയായി ഏഴ് മണിക്കൂറോളം നടക്കാനുണ്ടെന്ന് ജിപിഎസില്‍ സൂചിപ്പിച്ചിരുന്നു. പിറ്റേദിവസം കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നോര്‍ത്തപ്പോള്‍ വാള്‍ട്ടര്‍ രണ്ടുംകല്‍പ്പിച്ച് യാത്ര തുടര്‍ന്നു. മൊബൈല്‍ ഫോണും പണവും തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കത്തിയും മാത്രമായിരുന്നു വാള്‍ട്ടറിന്റെ കൈയിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ, പെല്‍ഹാമിലെത്താന്‍ ഏകദേശം 7 കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെയാണ് റോഡിലൂടെ നടന്നുപോകുകയായിരുന്ന വാള്‍ട്ടറിനെ പോലീസ് സംഘം ശ്രദ്ധിക്കുന്നത്. സംഭവിച്ചതെല്ലാം അവരോട് തുറന്നുപറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടിപ്പോയി. 32 കിലോമീറ്റര്‍ ദൂരം നടന്നുതളര്‍ന്ന വാള്‍ട്ടറിന് പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം ഭക്ഷണം വാങ്ങിനല്‍കി. തുടര്‍ന്ന് വിശ്രമിക്കാനായി ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പോലീസ് സംഘം തന്നെയാണ് വാള്‍ട്ടറിനെ ജോലിസ്ഥലത്തെത്തിച്ചത്. \

ഇത്രയുംദൂരം കാല്‍നടയായി സഞ്ചരിച്ചാണ് വാള്‍ട്ടര്‍ ജോലിക്കെത്തിയതെന്ന് മനസിലാക്കിയ ബെല്‍ഹോപ്‌സ് മൂവേഴ്‌സിന്റെ ഉപഭോക്താവ് ലാമിയാണ് ഈ സംഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. വാള്‍ട്ടറിന്റെ കാറിന്റെ അറ്റകുറ്റപ്പണിക്കായി ലാമി ഓണ്‍ലൈനിലൂടെ ഫണ്ടുശേഖരണവും നടത്തി. വാള്‍ട്ടറിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബെല്‍ഹോപ്‌സ് സി.ഇ.ഒ ലൂക്ക് മാര്‍ക്ക്‌ലിനും തന്റെ പുതിയ ജീവനക്കാരനെ നേരിട്ടുകാണാനെത്തി.

2014 മോഡല്‍ ഫോര്‍ഡ് എസ്‌കേപ് കാര്‍ സര്‍പ്രൈസ് സമ്മാനം നല്‍കികൊണ്ടാണ് ലൂക്ക് മാര്‍ക്ക്‌ലിന്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വാള്‍ട്ടറിനെ ഞെട്ടിച്ചത്. വാള്‍ട്ടറിന്റെ ഉത്തരവാദിത്വവും നിശ്ചയദാര്‍ഢ്യവും കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാണെന്നായിരുന്നു സി.ഇ.ഒയുടെ വാക്കുകള്‍. എന്തായാലും ഒരൊറ്റ രാത്രി നടത്തംകൊണ്ട് സമൂഹ മാധ്യമങ്ങളിലും കമ്പനിയിലും താരമായിരിക്കുകയാണ് വാള്‍ട്ടര്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.