1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2016

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്, ഗോദയില്‍ ഇനി ഹിലാരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും നേര്‍ക്കുനേര്‍. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുവേണ്ടി ഹിലരിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുവേണ്ടി ട്രംപും നവംബര്‍ എട്ടിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടും.

ഭീകരത, സുരക്ഷ, സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റം, അഭയാര്‍ഥിപ്രശ്‌നം, തൊഴിലില്ലായ്മ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 227 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തത്തെുമോ എന്നതാണ് അമേരിക്കന്‍ ജനത ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.

അഭിപ്രായ സര്‍വേയില്‍ ഹിലരിയെക്കാള്‍ രണ്ടു വോട്ടുകള്‍ക്ക് മുന്നിലാണ് ട്രംപ്. എന്‍.ബി.സി ജൂലൈ 22 മുതല്‍ 26 വരെ നടത്തിയ അഭിപ്രായ സര്‍വേയില്‍ 30 ശതമാനം പേര്‍ ട്രംപിനെ അനുകൂലിച്ചപ്പോള്‍ 37 ശതമാനം ഹിലരിയെ പിന്താങ്ങി. എന്നാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ജനകീയനല്ലാത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്നാണ് റിപ്പബ്‌ളിക്കനായ ട്രംപിനെ ജനം വിലയിരുത്തുന്നത്.

രാഷ്ട്രീയക്കാരനല്ലാത്ത, നന്നായി പ്രസംഗിക്കാന്‍ പോലുമറിയാത്ത ട്രംപ് വിവാദ വിഷയങ്ങളിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. 10 ആഗോള അപകടങ്ങളിലൊന്നാണ് ട്രംപ് എന്നായിരുന്നു ഇക്കണോമിസ്റ്റ് വാരിക വിശേഷിപ്പിച്ചത്. കുപ്പിവെള്ളം മുതല്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം വരെ കൈയാളുന്ന ട്രംപിന്റെ ആസ്തി 45,000 കോടി ഡോളറാണ്. 1987 ലും 2000 ലും പ്രസിഡന്റ് സ്ഥാനത്തിനായി ട്രംപ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

മുസ്ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുത്, കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയും, വിദേശികളെ മുഴുവന്‍ പുറത്താക്കി അമേരിക്കന്‍ തൊഴിലുകള്‍ അമേരിക്കന്‍ യുവാക്കള്‍ക്കായി തിരിച്ചുപിടിക്കും, കുറ്റകൃത്യങ്ങളില്‍നിന്നു മോചിപ്പിച്ച് അമേരിക്കയെ സുരക്ഷിതമാക്കും എന്നിങ്ങനെ നിരവധി വിവാദ നിലപാടുകളിലൂടെയാണ് ട്രംപ് ശ്രദ്ധ പിടിച്ചുപറ്റിയത്.

മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റെന്റെ ഭാര്യയെന്ന വിശേഷണത്തില്‍ നിന്ന് ഹിലരി ഒരുപാട് വളര്‍ന്നിര്‍ക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും കരുത്തരായ വനിതകളില്‍ മുന്‍നിരയിലാണ് അവരുടെ സ്ഥാനം. 2000ത്തില്‍ ന്യൂയോര്‍ക് സെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഹിലരി 2008 ല്‍ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വ തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയോട് പരാജയപ്പെട്ടു.

എന്നാല്‍ ഹിലരിയുടെ സാമര്‍ഥ്യം അറിയാവുന്ന ഒബാമ അവരെ 2009 സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആകാന്‍ ക്ഷണിച്ചു. ആ കാലത്ത് 112 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഹിലരി തന്റെ ജോലി മികവോടെ നിര്‍വഹിച്ചെന്ന് മാത്രമല്ല ഒബാമയുടെ പിന്‍ഗാമിയെന്ന വിശേഷണവും നേടി. ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാജ്യത്തെ ഇവരില്‍ ആരു നയിക്കുമെന്ന ആകാംക്ഷയിലാണ് ലോകവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.