1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2020

സ്വന്തം ലേഖകൻ: ഫിലഡൽഫിയയിലും ന്യൂജഴ്സിയിലും പുതിയ കൊവിഡ് കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട് . തന്മൂലം കൂടുതൽ ജാഗ്രത പാലിക്കുവാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ന്യൂജഴ്‌സിയിൽ വ്യാഴാഴ്ച 1,182 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയിലെ ഏഴു ദിവസങ്ങളിൽ ഓരോ ദിവസവും ശരാശരി 1,120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ന്യൂജഴ്‌സിയിൽ വ്യാപിക്കുന്ന കൊവിഡ് കേസുകൾ ന്യൂയോർക്കിന് ചുറ്റുമുള്ള വടക്കൻ കൗണ്ടികളിലേക്ക് വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഗവർണർ ഫിൽ മർഫി വ്യാഴാഴ്ച പറഞ്ഞു.

എസെക്സ് കൗണ്ടി, യൂണിയൻ കൗണ്ടി, ഹഡ്‌സൺ കൗണ്ടി , ബർഗൻ കൗണ്ടി എന്നിവിടങ്ങളിൽ ഒറ്റരാത്രികൊണ്ട് നൂറിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഓഷ്യൻ കൗണ്ടി, മോൺമൗത്ത് കൗണ്ടി എന്നിവിടങ്ങളിലെ സമീപകാല ഹോട്ട് സ്പോട്ടുകളെ മറികടന്നതായി ഗവർണ്ണർ മർഫി പറഞ്ഞു.

പെൻസിൽവാനിയായിൽ 2,000 ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ പുതിയ കേസുകളിൽ ഗണ്യമായ വർധനവ് കാണിക്കുകയും, രോഗികളെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇന്നലെ വ്യാഴാഴ്ച മാത്രം 2,063 പുതിയ കേസുകൾ രേഖപ്പെടുത്തി. ഇത്രയും കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഏപ്രിൽ മാസമാണ്. ഇങ്ങനെ പോയാൽ കൊവിഡ് പാൻഡെമിക്കിൽ ഫിലഡൽഫിയ ഒരു അപകടകരമായ കാലഘട്ടത്തിലേക്ക് കടക്കുമെന്ന് ആരോഗ്യ കമ്മീഷണർ ഡോ. തോമസ് ഫാർലി പറഞ്ഞു.

യുഎസ് തിരഞ്ഞെടുപ്പിന് ഏകദേശം ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ, ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന് അഭിപ്രായ സർവേകളില്‍ ഇപ്പോഴും മുൻ‌തൂക്കം. എന്നാല്‍ ട്രം‌പിന് ഇത് മറികടക്കാവുന്നതാണെന്നും വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കാര്യം വ്യക്തമാകുമെന്നും റിപ്പബ്ലിക്കന്‍ വക്താക്കള്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ട്രംപിനെതിരെ ബൈഡന്‍ സാങ്കേതികമായി മുന്നിലാണെങ്കിലും ഒരു അട്ടിമറിയ്ക്കുള്ള സാധ്യത സജീവമാണെന്ന് നിരീക്ഷകരും കരുതുന്നു.

ബൈഡനൊപ്പമെത്താനുള്ള ഓട്ടപ്പാച്ചിലിലായ ട്രം‌പ് പ്രചാരണ പരിപാടികള്‍ ഇല്ലാത്തതിനെക്കുറിച്ച് ഇടയ്ക്കിടെ എതിരാളിയെ പരിഹസിക്കുന്നുണ്ട്. ട്രംപ് തന്റെ ഡെമോക്രാറ്റിക് എതിരാളിയെ ‘ബേസ്‌മെന്റ് ജോ’ എന്ന് വിളിക്കുകയും തിങ്കളാഴ്ച ആ വിമര്‍ശനം ആവര്‍ത്തിക്കുകയും ചെയ്തു. “ഇന്ന് ജോ ബൈഡന് ഇവന്റുകളൊന്നുമില്ല“ എന്നായിരുന്നു ട്രംപ് പ്രചാരണത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേസണ്‍ മില്ലറിടെ ട്വീറ്റ്.

മറുവശത്ത് ട്രം‌പ് ഇന്ന് മൂന്ന് പ്രചാരണ റാലികളില്‍ പങ്കെടുക്കുന്നതിനായി പെന്‍സില്‍വാനിയയിലെത്തി. അലന്‍ടൗണില്‍ നടക്കുന്ന റാലിയില്‍ അമേരിക്കന്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് സംസാരിക്കും. അവിടെ നിന്ന് ട്രംപ് ലിറ്റിറ്റ്‌സിലേക്ക് പോകും.

അതിനിടെ കൊവിഡ് ഉൾപ്പെടെ കാരണങ്ങളാൽ ഇത്തവണ തപാൽ വോട്ടു ചെയ്തവരുടെയും പോളിങ് ബൂത്തിലെത്തി നേരത്തേ വോട്ടു ചെയ്തവരുടെയും എണ്ണം കൂടിയത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം വൈകിച്ചേക്കും. ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പു തീയതിക്കു ശേഷമേ തപാൽ വോട്ടുകൾ എണ്ണാവൂ എന്ന നിബന്ധനയുണ്ട്. തിരഞ്ഞെടുപ്പു ദിനത്തിന് ഒരാഴ്ച ശേഷിക്കെ ഏകദേശം 6 കോടിപ്പേർ വോട്ടുചെയ്തു കഴിഞ്ഞു. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ (2016) ആകെ മു‌ൻകൂർ വോട്ടുകൾ 5.8 കോടിയായിരുന്നു. ഇത്തവണ ആകെ 24 കോടി വോട്ടർമാരാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.