1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2021

സ്വന്തം ലേഖകൻ: യുഎസ് രാഷ്ട്രീയ ചിത്രം മാറ്റി വരക്കാൻ ക്യാപ്പിറ്റോൾ കലാപം നിമിത്തമാകുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന പദവി ഉണ്ടായിരുന്നുവെങ്കില്‍ ദേശീയ ഗാര്‍ഡിനെ വിളിച്ചു വരുത്താന്‍ കഴിയുമായിരുന്നുവെന്നും കലാപകാരികള്‍ ക്യാപിറ്റലിന്റെ ഏഴയലത്തു പോലും എത്തുമായിരുന്നില്ലെന്നും പറയുന്ന മേയര്‍ മ്യൂറിയല്‍ ബൗസറിന് പിന്തുണയേറുകയാണ്.

അത്തരമൊരു സാഹചര്യം പരിഗണിക്കുമെന്നു ഡെമോക്രാറ്റുകളും പറയുന്നതോടെ, അമേരിക്ക അമ്പത്തിയൊന്നാമത് സംസ്ഥാനത്തെക്കുറിച്ചുള്ള ചൂടൻ ചർച്ചകളിലേക്ക് കടക്കുകയാണ്. സംസ്ഥാന പദവി നിഷേധിക്കുന്നത് ‘പ്രാതിനിധ്യമില്ലാതെ നികുതി ഏര്‍പ്പെടുത്തുന്നതിന്’ തുല്യമാണെന്നാണ് പലരുടെയും അഭിപ്രായം. 56 നഗര പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റ ബുധനാഴ്ചത്തെ കലാപം, നിയമസഭാ സാമാജികരുടെ മനസ്സ് മാറ്റുന്നതിനുള്ള ശ്രമത്തിന്റെ വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ്.

പൊലീസിലെ പ്രതിഷേധവും അശാന്തിയും മുതല്‍ ദേശീയ ഗാര്‍ഡിനെ വിളിക്കാന്‍ മേയറുടെ കഴിവില്ലായ്മ വരെ ഇപ്പോള്‍ എടുത്തു കാണിക്കുന്നു. സംസ്ഥാനത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്, ഫെഡറല്‍ ബ്യൂറോക്രസിയുടെ ഒരുതരം വാലാട്ടിയായി വാഷിങ്ടൻ ഡിസി തുടരുന്നത് കാലഹരണപ്പെട്ടു കഴിഞ്ഞുവെന്നാണ്. റിപ്പബ്ലിക്കന്‍മാര്‍ സംസ്ഥാന നിയമനിര്‍മ്മാണത്തെ എന്നും എതിര്‍ത്തിരുന്നു. ഡെമോക്രാറ്റുകള്‍ക്കും ഇക്കാര്യത്തില്‍ വലിയ താത്പര്യമില്ലായിരുന്നു.

എന്നാൽ ഇപ്പോള്‍ ഈ ശ്രമത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റേയും വൈറ്റ് ഹൗസിന്റേയും പിന്തുണ ഉണ്ടാകുന്നുവെന്നത് വിരോധാഭാസം. ഇതിനായി ട്രംപ് അനുകൂലികളുടെ കലാപത്തിനു വരെ കാത്തിരിക്കേണ്ടി വന്നുവെന്നതാണ് യാഥാർഥ്യം. സഭയിലും സെനറ്റിലും ലളിതമായ ഭൂരിപക്ഷം നേടുന്നതിലൂടെ കൊളംബിയ ഡിസ്ട്രിക്റ്റിന് സംസ്ഥാന പദവി നേടാന്‍ കഴിയുമെന്നത് വസ്തുതയാണ്. എങ്കിലും ഈ നീക്കത്തെ എതിർക്കാൻ റിപ്പബ്ലിക്കന്മാർ കച്ച മുറുക്കിക്കഴിഞ്ഞു.

അതിനിടെ 25–ാം ഭേദഗതി പ്രാബല്യത്തിൽ വരുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അധികാരഭ്രഷ്ടനാക്കുവാൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും മറ്റ് നേതാക്കളും ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുവാൻ അർഹനല്ലെന്നോ പ്രസിഡന്റിന്റെ കർത്തവ്യം നിർവഹിക്കുവാൻ കഴിവില്ലാത്ത വ്യക്തിയല്ലെന്നോ ബോധ്യമായാൽ സ്ഥാനഭ്രഷ്ഠനാക്കി വൈസ് പ്രസിഡന്റ് പ്രസിഡന്റായി അധികാരമേൽക്കുവാനുള്ള സംവിധാനം ഭരണഘടനയുടെ 25–ാം ഭേദഗതിയിൽ വകയിരുത്തിയിട്ടുണ്ട്.

ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിക്കുന്ന ആർട്ടിക്കിൾസ് ഓഫ് ഇംപീച്ച്മെന്റ് തയാറാക്കി നടപടികളുമായി മുന്നോട്ട് പോകാനാണ് പെലോസിയുടേയും കൂട്ടരുടേയും പദ്ധതി. ജനപ്രതിനിധി സഭയിൽ ഇത് പാസ്സാക്കുവാൻ ആവശ്യമായ അംഗബലം (211ന് എതിരെ 222) നിലവിൽ ഡെമോക്രാറ്റുകൾക്കുണ്ട്.

എന്നാൽ സെനറ്റിൽ ഈ പ്രമേയം പാസാക്കാൻ മൂന്നിൽ രണ്ട് (67 പേരുടെ പിന്തുണ) ആവശ്യമാണ്. ഡെമോക്രാറ്റുകൾക്ക് ഈ കേവല ഭൂരിപക്ഷം ഒപ്പിക്കാൻ പ്രയാസമാകുമെന്നാണ് കണക്കുകൂട്ടൽ. ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായി ട്രംപ് 2024 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുവാനുള്ള സാധ്യത നിഷേധിക്കുന്ന ഒരു ഭാഗം കൂടി ഇംപീച്ച്മെന്റ് ആർട്ടിക്കിളിൽ ചേർത്തിട്ടുണ്ട്. 2024 ൽ താൻ വീണ്ടും മത്സരിക്കുമെന്ന് തന്റെ അനുയായികളോട് ട്രംപ് പറഞ്ഞിരുന്നു.

ട്വിറ്റർ ട്രംപിന്റെ സ്വകാര്യ അക്കൗണ്ട് വെള്ളിയാഴ്ച എന്നന്നേയ്ക്കുമായി അടച്ചുപൂട്ടി. അക്രമം നടത്താൻ പ്രേരിപ്പിക്കും എന്നതാണ് ട്വിറ്റർ നൽകുന്ന കാരണം. പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്ന ദിവസം പ്രതിഷേധം നടത്തുമെന്ന് തങ്ങൾ ഭയക്കുന്നതായി ട്വിറ്റർ പറഞ്ഞു. ചൊവ്വാഴ്ച പ്രസിഡന്റ് ട്രംപ് ടെക്സസിലെ അലാമോയിലേയ്ക്കു പോകുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. മെക്സിക്കോ അതിർത്തിയിൽ ട്രംപ് ഭരണകൂടം നിർമ്മിക്കുന്ന മതിലിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് ട്രംപിന്റെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച യാത്ര എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.