1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2020

സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ‘നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച ഏജന്‍സിയെ നയിക്കുന്ന ക്രിസ് ക്രെബ്‌സിനെ പുറത്താക്കുന്നു’, ട്രംപ് ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് ക്രെബ്‌സ് അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ പലതും തെറ്റായിരുന്നെന്നും പലതും കൃത്യമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ ഔദ്യോഗിക പദവിയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദത്തെ തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്. നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതായി തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

അതേസമയം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതും വാര്‍ത്തയായിരുന്നു. വാഷിംഗ്ടണിലെ തെരുവുകളില്‍ പ്രതിഷേധം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ട്രംപ് ഫോര്‍ മോര്‍ ഇയേഴ്സ്, പ്രോ ഗോഡ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധം നടത്തിയവരെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു വന്ന് ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇരുപതോളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് ട്രംപ് അനുകൂലികളുടെ പ്രതിഷേധം ശക്തമായതും തുടര്‍ന്ന് അറസ്റ്റ് നടന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.