1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് 19ന്റെ നിരന്തരമായ കുതിച്ചുചാട്ടത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് അമേരിക്കക്കാരോട് അഭ്യർഥിച്ച ജോ ബൈഡെന്‍ ഈ ആദ്യ ദിവസങ്ങള്‍ ചെലവഴിച്ചതും അതിനു വേണ്ടിയാണ്. കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ശരാശരി ആയിരത്തിലധികം മരണങ്ങളാണ് രാജ്യത്ത് ഉണ്ടായത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊറോണ പ്രതിരോധത്തിലുള്ള അവഗണന തുടരുന്നതിനാല്‍ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.

തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച ജോ ബൈഡൻ – കമല ഹാരിസ് ടീം നിയമിച്ച ടീമുമായി ട്രംപ് ഭരണകൂടം സഹകരിക്കാത്തത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മുൻ നാഷനൽ സെക്യൂരിറ്റി അഡ്‍വൈസറും യുഎൻ അമേരിക്കൻ അംബാസിഡറുമായ സൂസൻ റൈസ് ആരോപിച്ചു. ബൈഡനും, ബൈഡൻ നിയമിച്ച നാഷനൽ സെക്യൂരിറ്റി ടീമിനും ഡെയ്‍ലി ഇന്റലിജൻസ് ബ്രീഫിങ്ങ് ‍നൽകാതിരിക്കുന്നതു ഗുരുതര കൃത്യവിലോപമാണെന്നും, ഇപ്പോൾ ബൈഡൻ– ഹാരിസ് ട്രാൻസിഷ്യൻ അഡ്‍വൈസറി ബോർഡ് മെമ്പർ കൂടിയായ സൂസൻ റൈസ് പറഞ്ഞു.

അതേസമയം ‘വ്യാജ മാധ്യമ’ങ്ങളുടെ കണ്ണില്‍ മാത്രമാണ് ബൈഡന്‍ വിജയിച്ചതെന്ന വാദവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ ഇതുവരെ തോല്‍വി സമ്മതിക്കാത്ത ഡൊണാള്‍ഡ് ട്രംപില്‍നിന്ന് ആദ്യമായി ഭരണമാറ്റത്തിന്റെ സൂചന ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്.

“വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു,” ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഭരണമാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു. ”നിലവിലെ സര്‍ക്കാര്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. എന്നാല്‍, ഭരണം മാറുമ്പോള്‍ എന്തുസംഭവിക്കുമെന്ന് പറയാനാകില്ല”. ഏതുഭരണമാണ് വരാനിരിക്കുന്നതെന്ന് കാലം തെളിയിക്കുമെന്നും ട്രംപ് പറഞ്ഞു. ജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍നേടി ജോ ബൈഡന്‍ നേരത്തേ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തോല്‍വി സമ്മതിക്കാതെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു ട്രംപ്.

ഡാലസ് കൗണ്ടിയിൽ വീണ്ടും കൊവിഡ് 19 വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. നവംബർ 14 ശനിയാഴ്ച കൗണ്ടിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രതിദിന കൊവിഡ് 19 കേസ്സുകളിൽ വീണ്ടും റെക്കോർഡ്. 1543 പുതിയ പോസിറ്റീവ്. 2019 നോവൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജൻങ്കിൻസ് അറിയിച്ചു. സിറ്റി ഷട്ട് ഡൗൺ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ കർശന നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ക്സ് ഗിവിങ്ങ് വാരാന്ത്യത്തോടെ പ്രതിദിന കേസ്സുകൾ 2000 ആയി ഉയരുമെന്നും ജഡ്ജി പറഞ്ഞു. ജൂലൈ മാസം കൗണ്ടിയിൽ കൊവിഡ് 19 കേസ്സുകൾ വർധിച്ചതുപോലെയാണ് നവംബർ മാസത്തിലും വർധിക്കുന്നതെന്നും കൗണ്ടി ജഡ്ജി പറഞ്ഞു. ഇൻഡോറിലും, ഔട്ട്‍ഡോറിലും കൂട്ടം കൂടുന്നവരുടെ എണ്ണം പത്താക്കി പരിമിതപ്പെടുത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.