1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2019

സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കറന്‍സിക്ക് പുല്ലുവില; സ്വര്‍ണത്തിന് പിന്നാലെ പരക്കം പാഞ്ഞ് നാട്ടുകാര്‍; പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്ന് അമേരിക്കയോട് റഷ്യ. വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അമേരിക്കയുടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം വെനസ്വേലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കൊളംബിയന്‍ ബോര്‍ഡര്‍ സൈനികര്‍ അടച്ചു. എന്നാല്‍ അമേരിക്കന്‍ സഹായം ഈ മാസം 23ന് രാജ്യത്ത് പ്രവേശിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്!ഡോ വ്യക്തമാക്കി. യു.എസ് സഹായം രാഷ്ട്രീയ പ്രേരിതമെന്നാണ് റെഡ് ക്രോസ് പറയുന്നത്.

കഴിഞ്ഞയാഴ്ചയാണ് യു.എസ് എമര്‍ജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് വെനസ്വേലയിലേക്ക് ഭക്ഷണവും മരുന്നുമെത്തിക്കാനുള്ള തീരുമാനമെടുത്തത്. നിലവില്‍ കൊളംബിയന്‍ അതിര്‍ത്തി പ്രദേശമായ കുക്കൂട്ടയിലാണ് സഹായ സംഘം നില്‍ക്കുന്നത്. 20 ദശലക്ഷം ഡോളറിന്റെ മരുന്നും ഭക്ഷണവും വ്യക്തി ശുചിത്വ ഉപകരണങ്ങളുമാണ് വെനസ്വേലയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് വെനസ്വേലന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്‌ഡോയെ പിന്തുണച്ച് കൂറ്റന്‍ റാലിയാണ് ഇന്നലെയും വെനസ്വേലയില്‍ നടന്നത്. നിരവധിയാളുകളാണ് റാലിയില്‍ പങ്കെടുത്തത്. യു.എസിന്റെ സഹായം രാജ്യത്തെത്തിക്കാന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ തയ്യാറാകണമെന്നാണ് റാലിയില്‍ പങ്കെടുത്തവരുടെ ആവശ്യം. ഈ മാസം 23ന് യു.എസ് സഹായം വെനസ്വേലയില്‍ എത്തിക്കുമെന്ന് ഗെയ്‌ഡോ റാലിയില്‍ ജനങ്ങളെ അഭിസംബോധനം ചെയ്ത് കൊണ്ട് പറഞ്ഞു.

അതേസമയം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരിതാശ്വാസമെന്ന പേരില്‍ സഹായങ്ങളെത്തിക്കുന്നതില്‍ റെഡ് ക്രോസ് ആശങ്ക പ്രകടിപ്പിച്ചു. റെഡ് ക്രോസ് നിലവില്‍ വെനസ്വേലന്‍ ആശുപത്രികളിലും മറ്റും സഹായം എത്തിക്കുന്നുണ്ട്. ഇത് മദുറോ സര്‍ക്കാരുമായുള്ള കരാറനുസരിച്ചാണ് നടക്കുന്നത്.

രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നു തുടങ്ങിയതിന് പിന്നാലെ സുരക്ഷിത നിക്ഷേപമായി ആളുകള്‍ സ്വര്‍ണത്തെ കണ്ടുതുടങ്ങി. ഇതോടെ സ്വര്‍ണം അടക്കമുള്ള ധാതുക്കള്‍ സുലഭമായ വനപ്രദേശങ്ങളില്‍ ചെറുകിട ഖനികള്‍ തുടങ്ങി സ്വര്‍ണം കുഴിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ് വെനസ്വേലക്കാര്‍. നിലവില്‍ മൂന്നുലക്ഷത്തോളം ആളുകളാണ് ഇത്തരത്തില്‍ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.