1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2018

സ്വന്തം ലേഖകന്‍: ഇറാനെതിരെ അതിശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ്; എല്ലാം തനിച്ചു തീരുമാനിക്കരുതെന്ന് ഇറാന്റെ തിരിച്ചടി. ആണവക്കരാറില്‍നിന്നു ഏകപക്ഷീയമായി പിന്മാറിയതിനു പുറമേ യുഎസ് ഇറാനെതിരെ ഏറ്റവും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നു ഭീഷണി മുഴക്കി. ഇറാനുമായി വ്യാപാര, വാണിജ്യ ബന്ധം തുടരുന്ന യൂറോപ്യന്‍ സ്ഥാപനങ്ങള്‍ക്കും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ മുന്നറിയിപ്പു നല്‍കി.

എന്നാല്‍, യുഎസിന്റെ ഭീഷണിയെ ഇറാന്‍ തള്ളി. ഇറാനും ലോകത്തിനും വേണ്ടി തീരുമാനങ്ങളെടുക്കാന്‍ യുഎസിനെ ആരും അധികാരപ്പെടുത്തിയിട്ടില്ലെന്നു പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. അമേരിക്കയുടെ തീരുമാനം ലോകത്തിലെ മറ്റു രാജ്യങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചാരസംഘടനയായ സിഐഎയില്‍ ചുമതല വഹിച്ചിരുന്ന കാലത്തു 2015ലെ ഇറാന്‍ ആണവക്കരാറിനെതിരെ ശക്തമായി എതിര്‍ത്തിരുന്ന പോംപെയോ, സ്റ്റേറ്റ് സെക്രട്ടറിയായശേഷം നടത്തിയ ആദ്യ വിദേശനയ പ്രസംഗത്തിലാണ് ഇറാനെതിരെ ആഞ്ഞടിച്ചത്. ഭീകരത കയറ്റിയയയ്ക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യം ഇറാനാണെന്നു പോംപെയോ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സ്ഥിതി മറികടക്കാന്‍ 12 വ്യവസ്ഥകളും അദ്ദേഹം മുന്നോട്ടുവച്ചു.

ആണവ പദ്ധതിയും മിസൈല്‍ വികസന പദ്ധതിയും ഉപേക്ഷിക്കുന്നതിനു പുറമേ, മേഖലയിലെ സംഘര്‍ഷങ്ങളില്‍നിന്ന് ഇറാന്‍ വിട്ടുനില്‍ക്കണം. സിറിയയിലെയും യെമനിലെയും ആഭ്യന്തരയുദ്ധങ്ങളില്‍ യുഎസ് വിരുദ്ധ നിലപാട് ഉപേക്ഷിക്കണം, ഹിസ്ബുല്ലയുമായും യെമനിലെ ഹൂതികളുമായുമുള്ള ബന്ധത്തെ പരാമര്‍ശിച്ചു പോംപെയോ പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം 2003ലെ ഇറാഖ് അധിനിവേശത്തിനു മുന്‍പ് ജോര്‍ജ് ബുഷ് സര്‍ക്കാര്‍ പറഞ്ഞതില്‍നിന്നു ഭിന്നമല്ലെന്ന് ഇറാന്‍ പ്രതികരിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.