1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2019

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ട്രഷറി സ്തംഭനം 34 ആം ദിവസത്തിലേക്ക്; എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ ശമ്പളമില്ലാതെ ഗുരുതര പ്രതിസന്ധിയില്‍. അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ 5 ബില്യണ്‍ ഡോളര്‍ വേണമെന്ന ആവശ്യം ഡെമോക്രാറ്റുകള്‍ എതിര്‍ത്തതോടെയാണ് ട്രംപ് ട്രഷറികള്‍ ഭാഗികമായി അടച്ചത്. എട്ട് ലക്ഷത്തോളം തൊഴിലാളികളെ ബാധിച്ച സ്തംഭനം അവസാനിപ്പിക്കാന്‍ പല കോണുകളില്‍ നിന്നും ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും ഡോണള്‍ഡ് ട്രംപ് കടുംപിടിത്തം ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം ആരംഭിച്ചത് 2018 ഡിസംബര്‍ 22ന്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ 5 ബില്യണ്‍ ഡോളര്‍ വേണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ പണം നല്‍കാന്‍ തയ്യാറായില്ല. അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ മതില്‍ പണിയുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് ക്ഷതമേറ്റ ട്രംപ് ട്രഷറികള്‍ ഭാഗികമായി അടക്കാന്‍ ഉത്തരവിട്ടു. 9 വ്യത്യസ്ത വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന എട്ട് ലക്ഷത്തോളം തൊഴിലാളികളെയാണ് ട്രഷറി സ്തംഭനം നേരിട്ട് ബാധിച്ചത്.

കോണ്‍ക്രീറ്റ് മതിലിന് പകരം സ്റ്റീല്‍ മതില്‍ മതിയെന്ന് നിലപാട് മയപ്പെടുത്തിയെങ്കിലും ഡെമോക്രാറ്റുകള്‍ ട്രംപിന്റെ നിര്‍ദേശം തള്ളി. അടിയന്തരാവസ്ഥയെ കുറിച്ച് ട്രംപ് ചിന്തിക്കുന്നുണ്ടെങ്കിലും അത് ഉടനുണ്ടാകില്ലെന്ന് ട്രംപ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഭരണസ്തംഭനം എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന നിലപാടാണ് ട്രംപിനുള്ളത്. എന്നാല്‍ മതില്‍ വളരെ ചെലവേറിയതും അനാവശ്യവുമണെന്ന പക്ഷക്കാരാണ് ഡെമോക്രാറ്റുകള്‍. വേതനമില്ലാതെ ജോലിയെടുക്കുന്ന ജീവനക്കാരുടെ ജീവിതം ദുരിതത്തിലേക്ക് നീങ്ങുമ്പോഴും സ്തംഭനം പിന്‍വലിക്കാന്‍ ട്രംപ് തയ്യാറാകുന്നില്ല.

അടുത്തമാസം എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയിലാണ് എല്ലാവരും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന് മുമ്പ് അമേരിക്കയില്‍ വിവിധ ഭരണങ്ങളിലായി 21 ട്രഷറി സ്തംഭനങ്ങളാണ് ഉണ്ടായിരുന്നത്. നിലവിലെ സ്തംഭനമാണ് ഇതില്‍ ദീര്‍ഘമേറിയത്. ഇതിന് മുമ്പ് ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 16 ദിവസം രാജ്യത്തെ ട്രഷറികള്‍ സ്തംഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.