1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2017

സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനെതിരെ അമേരിക്കയും. നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്‌വയുടെ തലവനായ ഹാഫിസ് സഈദ് ഭീകരപ്പട്ടികയില്‍ പെടുത്തിയ തീവ്രവാദ നേതാവാണ് എന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നല്‍കി. നേരത്തേ, ഇന്ത്യയും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യു.എസ് ഒരുകോടി ഡോളര്‍ തലയ്ക്ക് വിലയിട്ട ഭീകര നേതാവാണ് ഹാഫിസ്. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാഫിസിനെ മോചിപ്പിക്കാന്‍ പാക് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡാണ് ഉത്തരവിട്ടത്.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് 2008ല്‍ യു.എസ് ട്രഷറി വകുപ്പ് ഹാഫിസിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതോടൊപ്പം ലശ്കറെ ത്വയ്യിബയുടെയും അതുമായി സഹകരിക്കുന്ന മറ്റു സംഘടനകളുടെയും നേതാക്കള്‍ക്കെതിരെയും ഉപരോധം ചുമത്തിയ കാര്യവും യു.എസ് വിദേശകാര്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. ലശ്കറെ ത്വയ്യിബയെ വിദേശ തീവ്രവാദ സംഘടനയായാണ് യു.എസ് കണക്കാക്കുന്നത്. അമേരിക്കന്‍ പൗരന്മാരുള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ജീവനെടുത്ത നിരവധി തീവ്രവാദക്കേസുകളില്‍ സംഘത്തിന് പങ്കുള്ളതായി തെളിഞ്ഞിരുന്നു.

ലശ്കറെ ത്വയ്യിബയുമായി സഹകരിക്കുന്ന സംഘടനകളിലൊന്നാണ് ജമാഅത്തുദ്ദഅ്‌വയും. മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, മറ്റു കേസുകളില്‍ ഹാഫിസിനെതിരെ പാക് സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ അര്‍ധരാത്രിയോടെ അദ്ദേഹം മോചിതനാകുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഹാഫിസ് മോചിതനാകുന്നതും കാത്ത് ആയിരക്കണക്കിന് അനുയായികള്‍ വീടിനു പുറത്ത് കാത്തിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് ഒമ്പതാണ്ട് തികയുന്ന വേളയിലാണ് ഹാഫിസിന്റെ മോചനമെന്നതും ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.