1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2020

സ്വന്തം ലേഖകൻ: അഫ്ഫ്ഘാനിൽ പുതിയ സമാധാന കരാര്‍ ഒപ്പു വെക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഏഴു ദിവസത്തെ വെടി നിര്‍ത്തല്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഏഴു ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപനം വിജയിച്ചാല്‍ താലിബാന്‍ സംഘവും അമേരിക്കന്‍ സൈന്യവും തമ്മില്‍ ഫെബ്രുവരി 29 ന് ദോഹയില്‍ വെച്ച് സമാധാന കരാര്‍ ഒപ്പു വെക്കും. ഇത് സാധ്യമായാല്‍ അഫ്ഘാനിസ്താനിലെ തങ്ങളുടെ സൈന്യത്തിലെ 10000 ത്തോളം പേരെ അമേരിക്ക പിന്‍വലിക്കും. അതേ സമയം അഫ്ഘാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതില്‍ ചിലര്‍ക്കെങ്കിലും ആശങ്കയുണ്ട്.

“എന്റെ മൂന്ന് ആണ്‍കുട്ടികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടതാണ്. ഒരാള്‍ അഫ്ഘാന്‍-റഷ്യന്‍ യുദ്ധത്തില്‍, ഒരാള്‍ ഹമീദ് കര്‍സായി സര്‍ക്കാരിന്റെ ഭരണകാലത്തും ഒരാള്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള യുദ്ധത്തിലും. ഇവിടെ സമാധാനം വരികയാണെങ്കില്‍ ഞാനെന്റെ പേരക്കുട്ടികളുമായി എന്റെ മക്കളുടെ ശവല്ലറയ്ക്കടുത്ത് പോവുകയും അവരെ അഭിനന്ദിക്കുകയും ചെയ്യും,” അഫ്ഘാനിസ്താനിലെ ജലാലബാദില്‍ കഴിയുന്ന 77 കാരനായ ഷിര്‍ ഗുള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സിനോട് പറഞ്ഞ വാക്കുകളാണിത്.

ഇദ്ദേഹത്തെ പോലെ നിരവധി അഫ്ഘാന്‍ ജനങ്ങള്‍ ഇന്ന് പ്രതീക്ഷയിലാണ്. രണ്ടു പതിറ്റാണ്ടായി തുടരുന്ന ചോരക്കുരുതി അമേരിക്കന്‍ സൈന്യവും താലിബാനും ഉണ്ടാക്കുന്ന പുതിയ സമാധാന കരാര്‍ നടപ്പാകുന്നതോടെ അവസാനിക്കുമെന്നാണ് ഇവര്‍ കരുതുന്നത്.

“അമേരിക്ക അഫ്ഘാനില്‍ വന്ന ശേഷമുള്ള കാലഘട്ടത്തില്‍ വളര്‍ന്നു വന്ന എനിക്ക് എല്ലാം ത്യജിക്കാന്‍ വയ്യ. കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് അഫ്ഘാനിസ്താന്‍ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടണമെന്നെനിക്കില്ല. താലിബാനുമായുള്ള സമാധാന കരാറിനു ശേഷവും എന്റെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു,” കാബൂള്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന 18 കാരിയായ ബാഹ ഫര്‍ക്കിഷ് റോയിട്ടേര്‍സിനോട് പറഞ്ഞു. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയാല്‍ താലിബാന്‍ കരാര്‍ ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുമോ എന്ന ആശങ്ക പുതു തലമുറയ്ക്കാണ് കൂടുതല്‍.

1996 ലാണ് അഫ്ഘാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയത്. 2001 ല്‍ യു.എസ് സൈന്യമാണ് ഇവരെ അധികാരത്തില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

അതേ സമയം അഫ്ഘാനിസ്താനിലെ യുദ്ധക്കെടുതിയില്‍ ജീവിച്ച പഴയ തലമുറ പുതിയ സമാധാന നീക്കത്തില്‍ പ്രതീക്ഷ വെക്കുന്നുണ്ട്.

“കഴിഞ്ഞ ദിവസം രാത്രിയാണ് ഞാനീ വാര്‍ത്ത അറിഞ്ഞത്. സന്തോഷത്തിന്റെ ഒരു പ്രത്യേക വികാരമാണ് എനിക്കനുഭവപ്പെട്ടത്. ഈദ് ദിനത്തിനു വേണ്ടിയോ പുതുവത്സരത്തിന് വേണ്ടിയോ കാത്തിരിക്കുന്നതു പോലെ ഞാന്‍ ഈ ദിവസത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു,” കാബൂളിലെ ടാക്‌സി ഡ്രൈവറായ സൈമുള്ള റോയിട്ടേര്‍സിനോട് പറഞ്ഞ വാക്കുകളാണിത്.

ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ സമാധാന നീക്കത്തോടനുബന്ധിച്ച് ആഘോഷങ്ങളും നടന്നു. നിരന്തരമായ ബോംബാക്രമണങ്ങള്‍ നടക്കുന്ന നംഗഹര്‍ പ്രവിശ്യയിലെ ജലാലാബാദിലെ പ്രദേശവാസികള്‍ പ്രത്യേക ആഘോഷ പരിപാടികള്‍ നടത്തി. താലിബാനു പുറമെ ഐ.എസ് ഭീകരസംഘത്തിന്റെയും ആക്രമണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

ഏഴു ദിവസം അഫ്ഗാനിസ്താനില്‍ ഇരു സേനയും സംയുക്തമായി അക്രമണം നിര്‍ത്തുകയും ഇത് വിജയിക്കുകയാണെങ്കില്‍ ഇരു വിഭാഗവും തമ്മിലുള്ള സമാധാനകരാറിന്റെ ആദ്യ ഭാഗത്തില്‍ ഒപ്പു വെക്കുകയും ചെയ്യാനാണ് ധാരണയായിരിക്കുന്നത്. സമാധാനത്തിന്റെ പാതയിലേക്കുള്ള പ്രധാന ചുവടു വെപ്പാണിതെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചത്. നീക്കത്തില്‍ താലിബാനും പ്രതീക്ഷയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.