1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2017

സ്വന്തം ലേഖകന്‍: ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലില്‍, തങ്ങളുടെ പരമാധികാരത്തിനു നേര്‍ക്കുള്ള വെല്ലുവിളിയെന്ന് ചൈന. ദക്ഷിണ ചൈനാ കടലില്‍ ചൈന നിര്‍മ്മിച്ചിട്ടുള്ള കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേയ്ക്ക് മാറിയാണ് അമേരിക്കന്‍ നാവിക സേനാ കപ്പല്‍ സഞ്ചരിച്ചത്. യുഎസ്എസ് ഡ്യൂവേ എന്ന നാവിക സേനാ കപ്പലാണ് തര്‍ക്ക പ്രദേശമായ സ്പാറ്റ്‌ലീ ദ്വീപുകളില്‍ ഒന്നിനു സമീപത്തായി എത്തിയത്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി അനുസരിച്ച് കടല്‍ത്തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ അതാത് രാജ്യങ്ങളുടെ പരിധിയില്‍ വരുന്നതാണ്.ദക്ഷിണ ചൈനാ കടലിലുള്ള ദ്വീപുകള്‍ക്ക് മേല്‍ ചൈന ഉള്‍പ്പെടെ ഒന്നിലേറെ രാജ്യങ്ങള്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്.

ഉത്തര കൊറിയയുമായി ബന്ധപ്പെട്ട് മേഖലയില്‍ തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് അമേരിക്കയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഉത്തര കൊറിയയുടെ ആയുധ പരീക്ഷണങ്ങളുടെ സാഹചര്യത്തില്‍ കൊറിയയുടെ സഖ്യകക്ഷിയായ ചൈനയുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമാണ് എന്നതിനാലാണ് ഈ നീക്കമെന്നും സൂചനയുണ്ട്. എന്നാല്‍ ദക്ഷിണ ചൈനാ കടലില്‍ സഞ്ചാര സ്വാതന്ത്ര്യം വേണമെന്ന അമേരിക്കയുടെ ആവശ്യം ചൈനയെ പ്രകോപിപ്പിച്ചു.

യുഎസിന്റെ നടപടി ചൈനയുടെ പരമാധികാരവും സുരക്ഷാ താല്‍പര്യങ്ങളും തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. ആകാശ, സമുദ്ര അപകടത്തിനു ഇത് കാരണമാകുമെന്നും വിദേശകാര്യ വക്താവ് ല്യു കാങ് പറഞ്ഞു. അനുമതി കൂടാതെയാണ് യുദ്ധക്കപ്പല്‍ ഇവിടെ പ്രവേശിച്ചത്. യുഎസ് കടന്നുകയറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചൈനയുടെ രണ്ടു കപ്പലുകള്‍ അവര്‍ക്ക് താക്കീതു നല്‍കുകയും അവിടെനിന്നു തിരിച്ചുവിടുകയും ചെയ്തുവെന്നും ചൈന പ്രതിരോധമന്ത്രാലയം അറിയിച്ചു.

വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തായ് വാന്‍, മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാ കടലില്‍ അവകാശമുന്നയിക്കുന്ന മറ്റ് രാജ്യങ്ങള്‍. ദക്ഷിണ ചൈനാ കടലില്‍ 21,300 കോടി ക്രൂഡ് ഓയില്‍ നിക്ഷേപമുണ്ടെന്ന കണക്കുകൂട്ടലിനെ തുടര്‍ന്ന് ഈ പ്രദേശം സമ്പൂര്‍ണ അധികാരം സ്ഥാപിച്ച് ക്രൂഡ് ഓയില്‍ നിക്ഷേപം കൈവശപ്പെടുത്താനാണ് ചൈന ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.