1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2020

സ്വന്തം ലേഖകൻ: അഞ്ചല്‍ സ്വദേശിനി ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിന്റേയും പാമ്പ് പിടുത്തക്കാരനായ സുരേഷിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ പ്രഥമദൃഷ്ടിയില്‍ ദുരൂഹത ഉണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. വിചിത്രമായ കൊലപാതകമാണിത്. ഉത്രയെ ആദ്യം ഭര്‍തൃവീട്ടില്‍ വെച്ച് അണലിയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പിന്നീട് ആശുപത്രി വിട്ടപ്പോളാണ് വീണ്ടും ശ്രമം നടത്തിയത്.

ആദ്യ ശ്രമം പരാജയപ്പപ്പെട്ടതിന് ശേഷം ഉത്ര ഡിസ്ചാര്‍ജ് ചെയ്ത് സ്വന്തം വീട്ടിലെത്തിയ ശേഷംരണ്ടാം നാള്‍ മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. സൂരജ് ഉത്രയുടെ വീട്ടിലെത്തി കട്ടിലിനടിയില്‍ ബാഗ് വെച്ചിരുന്നു. ബാഗില്‍ ഡപ്പയിലാക്കി ഒരു മൂര്‍ഖനെയും സൂരജ് സൂക്ഷിച്ചിരുന്നു.

ഉത്ര ഉറങ്ങിയ ശേഷം ബാഗില്‍ നിന്ന് പാമ്പിനെ എടുത്ത് ശരീരത്തിലേക്ക് കുടഞ്ഞിടുകയായിരുന്നു. ഉത്രയെ പാമ്പ് രണ്ട് തവണ കടിക്കുന്നത് കട്ടിലില്‍ ഇരുന്ന് തന്നെ സൂരജ് നോക്കി നില്‍ക്കുകയായിരുന്നു. അതിന് ശേഷം പാമ്പിനെ ഡപ്പയിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൂരജിന് പാമ്പ് പിടിത്തത്തില്‍ വിദഗ്ധനും താല്‍പ്പരനുമാണ്.

സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നും ഉത്രയുമായുള്ള ബന്ധം തുടരാന്‍ സൂരജിന് താല്‍പ്പര്യമില്ലായിരുന്നെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. കല്ലുവാതുക്കലില്‍ നിന്ന് പണം കൊടുത്താണ് പാമ്പിനെ വാങ്ങിയതെന്നും സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഉത്രയ്ക്ക് പാമ്പുകടിയേറ്റ ദിവസം ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ 92 പവന്‍ സ്വര്‍ണം എടുത്തുവെന്നും സൂരജ് പറഞ്ഞു.

സൂരജിന്റെ സുഹൃത്തും പാമ്പുകളെ നല്‍കുകയും ചെയ്ത കല്ലുവാതുക്കല്‍ സ്വദേശി സുരേഷാണ് അറസ്റ്റിലായ രണ്ടാമനെന്ന് കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കര്‍ അറിയിച്ചു. സുരേഷ് പാമ്പു പിടുത്തക്കാരനാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.