1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2020

സ്വന്തം ലേഖകൻ: അഞ്ചല്‍ ഉത്ര കൊലപാതകക്കേസ്സില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. പാമ്പിന്റെ വിഷപ്പല്ല് ഉള്‍പ്പടെയുള്ളവ കിട്ടിയിട്ടുണ്ട്. പാമ്പിന്റെ ജഡം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പാട്ടിക്കാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ ഇന്ന് സൂരജിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ആറ് പേജുള്ള റിമാന്റ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വീഡിയോ നോക്കി പഠിച്ചു. 17000 രൂപ കൈപറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു.
പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടില്‍ എത്തിയെന്നും ഉത്ര ഉള്‍പ്പടെയുള്ളവരുടെ മുന്‍പില്‍ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗൂഢാലോചനയെകുറിച്ച് റിമാന്റ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സൂരജിന്റെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ പങ്കാളികളാണന്ന് സംശയിക്കുന്ന സുഹൃത്തുകളുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ ഉത്രയുടെ കുഞ്ഞിനെ വീട്ടുകാര്‍ക്ക് കൈമാറി. അഞ്ചല്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് സൂരജിന്റെ കുടുംബം കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറിയത്. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധിച്ച ശേഷമാണ് കുഞ്ഞിനെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോയത്. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് കുഞ്ഞിനെ കൈമാറിയത്. കുട്ടിയെ ആദ്യം ഒളിപ്പിക്കാന്‍ സൂരജിന്റെ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ നല്‍കുകയായിരുന്നു.

ഇന്നലെ രാത്രിയില്‍ കുഞ്ഞിനെ കൊണ്ടുപോകാന്‍ സി.ഡബ്ല്യു.സി ഉത്തരവുമായി പൊലീസും, ഉത്രയുടെ ബന്ധുക്കളും അടൂര്‍ പാറക്കോട്ടെ വീട്ടില്‍ എത്തിയെങ്കിലും സൂരജിന്റെ വീട്ടുകാര്‍ കുഞ്ഞിനെ നല്‍കിയിരുന്നില്ല. സൂരജിന്റെ അമ്മയ്‌ക്കൊപ്പം എറണാകുളത്തേക്ക് അഭിഭാഷകനെ കാണാന്‍ പോയതാണെന്നായിരുന്നു പൊലീസിന് നല്‍കിയ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.