1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2017

സജീഷ് ടോം (നാഷണല്‍ ജനറല്‍ സെക്രട്ടറി): ജനുവരി 28 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ ദേശീയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനപ്പെട്ട ആറ് റീജിയണുകളും തങ്ങളുടെ തെരഞ്ഞെടുപ്പ് തീയതികളും, തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കുന്ന സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു.

അതനുസരിച്ചു ജനുവരി 21 ശനിയാഴ്ച നാല് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ തെരഞ്ഞെടുപ്പ് കേംബ്രിഡ്ജിലും, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പ് മാഞ്ചസ്റ്ററിലും, സൗത്ത് ഈസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പ് വോക്കിങ്ങിലും, ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ തെരഞ്ഞെടുപ്പ് ബര്‍മിംഗ്ഹാമിലും നടക്കുന്നതാണ്. .

ജനുവരി 22 ഞായറാഴ്ച ഓക്‌സ്‌ഫോഡില്‍ വച്ച് സൗത്ത് വെസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പും ലീഡ്‌സില്‍ വച്ച് യോര്‍ക്ക് ഷെയര്‍ & ഹംബര്‍ റീജിയണല്‍ തെരഞ്ഞെടുപ്പും നടക്കും. വെയ്ല്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണുകളുടെ തെരഞ്ഞെടുപ്പ് പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും.

മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി, റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പുതന്നെ തിരുത്തലുകള്‍ക്ക് ശേഷമുള്ള അവസാന വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്ന സവിശേഷത ‘യുക്മ ഇലക്ഷന്‍ 2017’ ന് അവകാശപ്പെടാനുണ്ട്. അവസാന നിമിഷങ്ങളിലെ ലിസ്റ്റ് തിരുത്തലുകള്‍ക്ക് യാതൊരുവിധ പഴുതുകളും അവശേഷിപ്പിക്കാതെ, തികച്ചും സുതാര്യമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞ ആറ് റീജിയണുകളില്‍ നോര്‍ത്ത് വെസ്റ്റ് ഒഴികെ മറ്റെല്ലായിടത്തും, റീജിയണല്‍ പ്രസിഡണ്ട്മാരും സെക്രട്ടറിമാരും വഴിയാണ് അംഗ അസ്സോസിയേഷനുകളില്‍ നിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രതിനിധി ലിസ്റ്റ് ദേശീയ ജനറല്‍ സെക്രട്ടറി അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെട്ടാണ് തയ്യാറാക്കുന്നത്.

2017 ലെ റീജിയണല്‍ നാഷണല്‍ തെരഞ്ഞെടുപ്പുകള്‍ക്കുള്ള യുക്മ പ്രതിനിധികളുടെ കരട് വോട്ടേഴ്‌സ് ലിസ്റ്റ് ജനുവരി 12നോ, 13നോ യുക്മ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. തിരുത്തലുകള്‍ക്ക് ശേഷമുള്ള അവസാന ലിസ്റ്റ് ജനുവരി 16ന് പ്രസിദ്ധീകരിക്കും. കരട് വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ്, വ്യക്തമായ എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് പ്രതിനിധി ലിസ്റ്റ് സമര്‍പ്പിക്കുവാന്‍ സാധിക്കാതെവന്ന അസ്സോസിയേഷന്‍നുകള്‍ക്ക്, ജനുവരി 15ന് മുന്‍പായി പേരുകള്‍ ചേര്‍ക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. യു.കെ. മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഈ ജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാകാനുള്ള അവസരം ഒരു യുക്മ അംഗഅസ്സോസിയേഷനുപോലും നഷ്ട്ടപ്പെടാതിരിക്കാനാണ് ഇത്തരമൊരു ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

എല്ലാ റീജിയണുകളിലും നിന്നുള്ള ഭൂരിപക്ഷം അംഗ അസോസിയേഷനുകളുടെയും പ്രതിനിധി ലിസ്റ്റ് ഇതിനകം കിട്ടിക്കഴിഞ്ഞു. യുക്മയുടെ ഔദ്യോഗീക ദേശീയ വെബ്‌സൈറ്റായ www.uukma.org ല്‍, മേല്‍പ്പറഞ്ഞ തീയതികളില്‍ പ്രസിദ്ധീകരിക്കുന്ന വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചു കൃത്യത ഉറപ്പുവരുത്തണമെന്ന് എല്ലാ യുക്മ പ്രതിനിധികളോടും, അംഗ അസോസിയേഷന്‍ ഭാരവാഹികളോടും, റീജിയണല്‍നാഷണല്‍ പ്രവര്‍ത്തകരോടും യുക്മ ദേശീയ നിര്‍വാഹക സമിതി അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.