1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ്) യുടെ പുതുക്കിയ നിയമാവലി പ്രാബല്യത്തിൽ വന്നു. രൂപീകരണത്തിന്റെ രണ്ടാം ദശാബ്ദത്തിലേക്ക് കടന്ന യുക്മയുടെ പുതുക്കിയ നിയമാവലി ഒപ്പുവക്കലും സംഘടനയുടെ ചരിത്രത്തിൽ അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചു. ചരിത്ര പ്രസിദ്ധമായ മാഗ്നാ കാര്‍ട്ട ഒപ്പ് വച്ച സറേ കൗണ്ടിയിലെ എഗാമിലുള്ള റണ്ണീമേടിൽ‍ വച്ചാണ് ഭരണഘടനാ സമിതി അംഗങ്ങള്‍ പുതിയ ഭരണഘടന ഒപ്പ് വച്ചത്.

2009 ജൂലൈ നാലാം തീയതി ലെസ്റ്ററിൽ നടന്ന പൊതുപ്രവർത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ വച്ച് രൂപംകൊണ്ട യുക്മക്ക് പ്രാഥമികമായ ഭരണഘടന നിലവിൽവന്നു. തുടർന്ന് 2012 ലും 2016 ലും പ്രസ്തുത ഭരണഘടനക്ക് ഭാഗീകമായി ഭേദഗതികൾ ദേശീയ പൊതുയോഗം അംഗീകരിക്കുകയുണ്ടായി. 2020 ലെ നിലവിലെ പരിഷ്‌ക്കരണം യുക്മ ഭരണഘടനക്ക് സമഗ്രമായ ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്.

2020 യുക്മ ദേശീയ പൊതുയോഗത്തോട് അനുബന്ധിച്ച്, നിലവിലുള്ള ഭരണഘടനയിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സമ്പൂർണ്ണമായ യുക്മ ഭരണഘടന അവതരിപ്പിക്കുന്നതിന് മാഞ്ചസ്റ്ററിൽ കൂടിയ ദേശീയ എക്സിക്യുട്ടീവ് കമ്മറ്റി തീരുമാനിക്കുകയുണ്ടായി. അതനുസരിച്ച് പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷനായി അലക്സ് വര്‍ഗ്ഗീസ്, അഡ്വ.എബി സെബാസ്റ്റ്യന്‍, സാജന്‍ സത്യന്‍, ടിറ്റോ തോമസ് എന്നിവര്‍ അംഗങ്ങളായി ഭരണഘടനാ സമിതിയെ നിയോഗിക്കുകയും ചെയ്തു.

ഭരണഘടനാ സമിതിയുടെ തീരുമാനമനുസരിച്ച് അഡ്വ. എബി സെബാസ്റ്റ്യനെ നിയമാവലി ഡ്രാഫ്റ്റ് ചെയ്യുന്നതിന് നിയോഗിക്കുകയും, തുടർന്ന് ബർമിംഗ്ഹാമിൽ കൂടിയ ദേശീയ നിർവാഹ സമിതി യോഗം ഡ്രാഫ്റ്റ് അംഗീകരിച്ച് ദേശീയ പൊതുയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ജനറല്‍ ബോഡിയില്‍ ദേശീയ നിർവ്വഹക സമിതി അംഗീകരിച്ച ഡ്രാഫ്റ്റ് ഭരണഘടന ആദ്യാവസാനം വായിച്ച് അംഗങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന അഭിപ്രായങ്ങളെ കൂടി പരിഗണിച്ച് ഓരോ ഭാഗവും ചര്‍ച്ച ചെയ്ത് പുതിയ ഭരണഘടന പാസ്സാക്കുക ആയിരുന്നു. ജനറല്‍ ബോഡിയുടെ നിര്‍ദ്ദേശപ്രകാരം തിരുത്തലുകള്‍ വരുത്തിയ ഭാഗങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടുത്തി അടുത്ത ദേശീയ നിർവ്വാഹക സമിതിയുടെ അനുമതിയോടെ അംഗ അസോസിയേഷനുകള്‍ക്ക് ഭരണഘടന അയച്ച് നല്‍കുന്നതിനും തീരുമാനമായി.

മാർച്ച് ഇരുപത്തിഎട്ടിന് ദേശീയ എക്സിക്യുട്ടീവ് യോഗം ചേരുവാൻ തീരുമാനിച്ചിരുന്നു എങ്കിലും കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ആ യോഗം മാറ്റിവയ്ക്കേണ്ടി വന്നു. പിന്നീട്, നടപടി ക്രമങ്ങള്‍ പാലിച്ച്, ജൂൺ പതിമൂന്നിന് ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ നടത്തിയ ദേശീയ എക്സിക്യുട്ടീവ് കമ്മറ്റി ഭരണഘടന ഒപ്പിടുന്നതിന് അനുമതി നല്‍കി.

ഇതനുസരിച്ച് ചരിത്ര പ്രാധാന്യമുള്ള മാഗ്നാകാര്‍ട്ട ഒപ്പ് വച്ച സറേ കൗണ്ടിയിലെ എഗാമിലുള്ള റണ്ണീമേടിൽ‍ വച്ചാണ് ഭരണഘടനാ സമിതി അംഗങ്ങള്‍ പുതിയ ഭരണഘടന ഒപ്പ് വച്ചത്. പുതുക്കിയ ഭരണഘടനയുടെ കോപ്പി എല്ലാ അംഗ അസ്സോസിയേഷനുകൾക്കും അയച്ചു കഴിഞ്ഞതായി യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. യുക്മയുടെ ഔദ്യോഗീക വെബ്സൈറ്റിൽ എത്രയും വേഗം പുതുക്കിയ ഭരണഘടന അപ്‌ലോഡ് ചെയ്യുന്നതാണ്. ഇനിയും ഇ-മെയിൽ വഴി പുതുക്കിയ ഭരണഘടന ലഭിച്ചിട്ടില്ലാത്ത അംഗ അസോസിയേഷനുകൾ എത്രയുംവേഗം യുക്മ ദേശീയ സെക്രട്ടറിയെ (07985641921) ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.