1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2017

 

സ്വന്തം ലേഖകന്‍: നിശ്ചയിച്ച വിവാഹത്തില്‍ നിന്നു ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. വരുന്ന മാര്‍ച്ച് 29ന് തൃശൂര്‍ സ്വദേശി സന്തോഷുമായി വിജയലക്ഷ്മിയുടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിശ്രുത വരന്‍ മുന്‍പ് സമ്മതിച്ചിരുന്ന പല കാര്യങ്ങളിലും മാറ്റം അറിയച്ചതുകൊണ്ടാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നതെന്ന് വിജയലക്ഷ്മിയുടെ ബന്ധുക്കള്‍ അറിയിച്ചു. വിജയലക്ഷ്മിയുടെ സ്വന്തം തീരുമാനപ്രകാരമാണ് വിവാഹം റദ്ദാക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു.

വിവാഹശേഷവും സംഗീത പരിപാടികള്‍ തുടരാമെന്നും വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ ഒരുമിച്ച് ജീവിക്കാമെന്നും വരന്‍ സന്തോഷ് വിവാഹ നിശ്ചയത്തിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹശേഷം സംഗീത പരിപാടികള്‍ക്ക് പോകണ്ടായെന്നും ഏതെങ്കിലും സ്‌കൂളില്‍ അധ്യാപികയായി തുടര്‍ന്നാല്‍ മതിയെന്നും സന്തോഷ് അറിയിച്ചു. കൂടാതെ, വിജയലക്ഷ്മിയുടെ വീട്ടില്‍ വന്നു താമസിക്കാനാകില്ലെന്നും തൃശൂരില്‍ വിവാഹശേഷം കഴിയാമെന്നും സന്തോഷ് അറിയിക്കുകയായിരുന്നു. ഇതാണ് വിവാഹം വേണ്ടെന്നു വയ്ക്കാന്‍ വിജയലക്ഷ്മിയെ പ്രേരിപ്പിച്ചത്.

തീരുമാനത്തില്‍ വിജയലക്ഷ്മിക്ക് വിഷമില്ലെന്നും വിവാഹത്തിനു മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ അറിയാനായത് ഭാഗ്യം കൊണ്ടാണെന്നും വിജയലക്ഷ്മി പറഞ്ഞു. വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ തനിക്ക് ആരുടെയും പ്രേരണയോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്നും വിജയലക്ഷ്മി പറഞ്ഞു. പിതാവ് വി.മുരളീധരനൊപ്പം നടത്തിയ പത്രസമ്മേളത്തില്‍ എത്തിയാണ് ഗായിക ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്. പത്രത്തില്‍ നല്‍കിയ പരസ്യം കണ്ടാണ് വിവാഹ ആലോചന വന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നായിരുന്നു നിശ്ചയം നടന്നത്. മാര്‍ച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

സെല്ലുലോയിഡ് എന്ന കമല്‍ ചിത്രത്തിലൂടെ എം.ജയചന്ദ്രനാണ് വിജയലക്ഷ്മിയെ സിനിമാലോകത്ത് എത്തിച്ചത്. പിന്നീട് കുറഞ്ഞകാലം കൊണ്ടുതന്നെ വിജയലക്ഷ്മി മലയാളികളുടെ ഇഷ്ടഗായികയായി വളരുകയായിരുന്നു. സെല്ലുലോയിഡിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശവും നേടി. തൊട്ടടുത്ത വര്‍ഷം ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കിയിലേ’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും വിജയലക്ഷ്മിയെ തേടിയെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.