1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2016

സ്വന്തം ലേഖകന്‍: ഓണത്തിന് വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അക്ഷ്യക്ഷന്‍ അമിത് ഷാ, സമൂഹ മാധ്യമങ്ങളില്‍ മലയാളികളുടെ പൊങ്കാല, ഓണത്തേയും കേരളത്തേയും അപമാനിച്ചെന്ന് ആരോപണം. ഓണം വാമന ജയന്തിയാണെന്ന ശശികല ടീച്ചറുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് വാമന ജയന്തി ആശംസ നേര്‍ന്ന് അമിത് ഷാ സമൂഹ മാധ്യമങ്ങളില്‍ ചിത്രസഹിതം പോസ്റ്റിട്ടത്.

വാമനാവതാരം: ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍ എന്നാണ് പോസ്റ്ററിലെ ആശംസ. തിരുവോണത്തിന്റെ തലേന്നാള്‍ വാമനനെ പ്രകീര്‍ത്തിച്ചും മഹാബലിയെ അപകീര്‍ത്തിപ്പെടുത്തിയും അമിത് ഷാ സമൂഹ മാധ്യമത്തിലിട്ട കുറിപ്പ് കേരളത്തെയും കേരളീയരെയും മലയാളികളുടെ ദേശീയോത്സവമായ ഓണത്തെയും അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

അതിനിടെ, അമിത് ഷായുടെ വാമന ജയന്തി ആശംസ മലയാളി സങ്കല്‍പത്തിന് വിരുദ്ധമല്ലെന്ന പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. കേരളത്തില്‍ വാമന ക്ഷേത്രങ്ങളുണ്ട്, ആഘോഷങ്ങളുണ്ട്. എല്ലാ സംഘടനയുടെയും ദേശീയ നേതൃത്വം ഓണം ആശംസിക്കാറില്ല. സംസ്ഥാന അധ്യക്ഷന്‍ ഓണം ആശംസിച്ചിട്ടുണ്ടെന്നും കുമ്മനം ന്യായീകരിച്ചു.

എന്തായാലും അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിടാന്‍ മലയാളികളുടെ തിക്കും തിരക്കുമാണ്. തങ്ങളുടെ ഓണത്തില്‍ തൊട്ടുകളിച്ച അമിത് ഷാക്കെതിരെ രൂക്ഷമായ ആക്രമണമാണ് ഫേസ്ബുക്ക് മലയാളികള്‍ നടത്തുന്നത്. അമിത് ഷായെ കളിയാക്കി #pomoneshaji എന്ന ഹാഷ്ടാഗും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.